THRISSUR

എസ്.എൻ പുരം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനം സെപ്തംബർ 28 ന്

ശ്രീനാരായണപുരം: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൻ്റെ പുതിയതായി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്തംബർ 28 വൈകീട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി ലഭിച്ച 1.2 കോടി രൂപയും ഗ്രാമപഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ചുമാണ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.

രണ്ട് നിലകള്ളിലായി 6,244 സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഫ്രണ്ട് സ്പഓഫീസ്, പ്രസിഡണ്ട്, സെക്രട്ടറി, അസി.സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സീനിയർ ക്ലർക്കുമാർ, ജൂനിയർ ക്ലർക്കുമാർ, എം.ജി.എൻ.ആർ.ഇ.ജി.എ സെക്ഷൻ, ഫസ്റ്റ് ഫ്ലോറിൽ വൈസ് പ്രസിഡണ്ട്, അം​ഗങ്ങൾ, അസിസ്റ്റൻ്റ് എഞ്ചിനിയർ എന്നിവർക്കുള്ള സീറ്റും, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, കിച്ചൺ എന്നീ സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിലെ 30 സ്റ്റാഫുകൾക്കും 21 അം​ഗങ്ങൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്.

ചടങ്ങിൽ ബെന്നി ബഹന്നാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരിജ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എസ് മോഹനൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് മൂന്ന് മുതൽ രാത്രി പത്ത് വരെ വിവിധ കലാപരിപാടികൾ അരങ്ങേറും.