സംസ്ഥാന ബജറ്റ്;വികസന പദ്ധതികൾക്ക് അനുമതി
തൃശ്ശൂര്‍: സംസ്ഥാന ബജറ്റില്‍ കുന്നംകുളം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 18.65 കോടി രൂപ അനുവദിച്ചു. ബജറ്റില്‍ ഉള്‍പ്പെടുത്തി കുന്നംകുളത്തെ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ തൃശ്ശൂര്‍ സ്പോര്‍ട്സ് ഡിവിഷനെ പൂര്‍ണ്ണമായും റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളായും മികവിന്റെ കേന്ദ്രമായും മാറ്റുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 7.5 കോടി രൂപയാണ് അനുവദിച്ചത്. ബജറ്റ് പ്രവൃത്തികളുടെ ഭാഗമായി 11.15 കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.
കുന്നംകുളം ബോയ്സ് സ്കൂള്‍ കോമ്പൗണ്ടില്‍ ശിക്ഷക് സദന് നിര്‍മ്മാണത്തിന് 5 കോടി രൂപയും, വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി – തിരുത്തിക്കാട് ബണ്ട് നവീകരണം എന്നിവയ്ക്കായി 2.5 കോടി രൂപയും കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളിലെ അവശേഷിക്കുന്ന പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് ഒരു കോടി രൂപയും അനുവദിച്ചു.
മണ്ഡലത്തിലെ റോഡുകള്‍ ആധുനിക നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി വേലൂര്‍ – ചുങ്കം – തയ്യൂര്‍ – കോട്ടപ്പുറം – കുമ്പളങ്ങാട് റോഡ് നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു. എരുമപ്പെട്ടി സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണത്തിന് ഒരു കോടി രൂപ, കടവല്ലൂര്‍ കുണ്ടുതോട് – ചിറമനേങ്ങാട് തോട്ടില്‍ വിസിബി നിര്‍മ്മാണത്തിന് 65 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 305 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി
സംസ്ഥാന ബജറ്റിൽ കൊടുങ്ങല്ലൂരിന് മികച്ച നേട്ടം. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 305 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് സംസ്ഥാന ബജറ്റിൽ അനുമതി നൽകി.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ജലസേചനം, ഗതാഗതം, ടൂറിസം, സാംസ്കാരിക–കായിക മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന വിവിധ പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ മൂന്നാം ഘട്ട പൂർത്തീകരണത്തിന് പൊതുമരാമത്ത് വകുപ്പ് മുഖേന 600 ലക്ഷം രൂപ അനുവദിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതിക്ക് 7,500 ലക്ഷം രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പൊയ്യ ഗ്രാമ പഞ്ചായത്ത് കടാംകുളം നവീകരണവും മാള ഗ്രാമ പഞ്ചായത്ത് കരിക്കാട്ട്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കും 500 ലക്ഷം രൂപ അനുവദിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കെട്ടുചിറ സംരക്ഷണവും ഉപ്പുവെള്ള സ്ലൂയിസുകളുടെ നിർമ്മാണത്തിനുമായി 700 ലക്ഷം രൂപയും, കൊടുങ്ങല്ലൂർ ആനാപ്പുഴ – കക്കമാടൻ തുരുത്ത് പുഴയോരം കെട്ടി സംരക്ഷണത്തിനായി 1,300 ലക്ഷം രൂപയും അനുവദിച്ചു. അന്നമനട പാലിപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് 6,000 ലക്ഷം രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പുത്തൻചിറ പഞ്ചായത്ത് ഓഡിറ്റോറിയം (ഫേസ്–2), വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഡിറ്റോറിയം (ഫേസ്–2), അന്നമനട പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ പൂർത്തീകരണത്തിന് ആവശ്യമായ തുകകൾ ബജറ്റിൽ വകയിരുത്തി. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ചാപ്പാറ സയൻസ് പാർക്ക് രണ്ടാം ഘട്ട പൂർത്തീകരണത്തിന് 1,000 ലക്ഷം രൂപയും ഓട്ടിസം സെന്റർ നിർമ്മാണത്തിന് 200 ലക്ഷം രൂപയും അനുവദിച്ചു.
ടൂറിസം വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് കൂഴുർ പഞ്ചായത്തിലെ കുണ്ടൂർ ബോട്ട് ജെട്ടി – ചെമ്പോത്തുരുത്ത് – പായം തുരുത്ത് – കൊച്ചുകടവ് ടൂറിസം പദ്ധതിക്ക് 600 ലക്ഷം രൂപയും, പൊയ്യ അഡാക് ഫിഷ് ഫാമിൽ എക്കോ ടൂറിസം പദ്ധതിക്ക് 1,500 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.
ഗതാഗത സൗകര്യ വികസനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 14 റോഡുകളുടെ നവീകരണത്തിനും വികസനത്തിനുമായി പൊതുമരാമത്ത് വകുപ്പ് മുഖേന 5,500 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ മാള ടൗൺ പോസ്റ്റ് ഓഫീസ് റോഡ് ഭൂമി ഏറ്റെടുത്ത് വീതി കൂട്ടിയും ടൗൺ ബ്യൂട്ടിഫിക്കേഷൻ പൂർത്തീകരിക്കുന്നതിനുമായി 1,600 ലക്ഷം രൂപയും അനുവദിച്ചു.
മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയം നിർമ്മിക്കുന്നതിനായി 1,500 ലക്ഷം രൂപയും, ഗ്രാമീണ റോഡ് വികസന പദ്ധതികൾക്കായി വിവിധ പഞ്ചായത്തുകളിൽ 300 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാംസ്കാരിക മേഖലയിലെ വളർച്ച ലക്ഷ്യമിട്ട് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക നിലയം നിർമ്മിക്കുന്നതിനായി 500 ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യ മേഖലയിൽ കൂഴുർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.
വികസന പാതയിൽ പുതുക്കാട് നിയോജക മണ്ഡലം
പുതുക്കാട് നിയോജകമണ്ഡലത്തിന്റെ സർവ്വ വികസനത്തിന് തുടക്കം കുറിച്ച് സംസ്ഥാന ബജറ്റ്. ഓടഞ്ചിറ റെഗുലേറ്റർ നവീകരണവും അനുബന്ധ പ്രവൃത്തികളും 450 ലക്ഷം, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുനിയാട്ടുകുന്ന് ടൂറിസം പദ്ധതി 50 ലക്ഷം,
കുറുമാലിപ്പുഴ പള്ളം ബണ്ട് നിർമ്മാണം പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് 100 ലക്ഷം ബജറ്റിൽ അനുവദിച്ചു.
കൂടാതെ ചെങ്ങാലൂർ .മാട്ടുമല കാളക്കല്ല് റോഡ് 150 ലക്ഷം, കുഞ്ഞാലിപ്പാറ ടൂറിസം മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 50 ലക്ഷം, ആറാട്ടുപുഴ എസ്. സി. സമൃദ്ധി കേന്ദ്രം വല്ലച്ചിറ ജി പി 100 ലക്ഷം, പുതുക്കാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് നിർമ്മാണം 100 ലക്ഷം, തൃക്കൂർഗ്രാമ പഞ്ചായത്തിലെ എസ് എം എസ് റോഡ് മൂന്നാം ഘട്ടം പ്രവൃത്തികൾക്ക് 100 ലക്ഷം എന്നീ
പ്രവൃത്തികൾക്കാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിട്ടുള്ളത്.
പുതുക്കാട് മണ്ഡലത്തിൽ വിവിധ വകുപ്പുകളിലെ വികസന പ്രവൃത്തികൾ ബജറ്റിൽ ഉൾപ്പെടുത്തുകയും ആവശ്യമായ തുക നീക്കിവയ്ക്കുകയും ചെയ്തതായി കെ. കെ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.
ഒല്ലൂരിൽ വികസന വസന്തം; ബജറ്റിൽ 137.20 കോടി അനുവദിച്ചു
ഒല്ലൂർ നിയോജക മണ്ഡലത്തിൽ വികസന വസന്തം തീർക്കുന്നതും, സമസ്ത മേഖലകളെയും ചേർത്തുപിടിക്കുന്നതുമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. കഴിഞ്ഞ 10 വർഷക്കാലയളവിൽ ഒല്ലൂർ മണ്ഡലത്തിൽ 2350 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത് എന്നും, അതിന്റെ തുടർച്ചയായാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ 137.70 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് അനുമതി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം, ജലസ്രോതസുകളുടെ സംരക്ഷണം എന്നിവയെ സമന്വയിപ്പിച്ച സമഗ്ര വികസന സമീപനമാണ് ബജറ്റിലൂടെ നടപ്പാക്കുന്നത്.
പുത്തൂർ സൂവോളജിക്കൽ പാർക്കിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 600 ലക്ഷം രൂപയും, കേരള വനഗവേഷണ കേന്ദ്രത്തിന്റെ (കെ എഫ് ആർ ഐ) വികസനത്തിന് 1320 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ബൃഹദ് പദ്ധതിയായ പീച്ചി ടൂറിസം പദ്ധതിയുടെ പ്രാരംഭ വികസന പ്രവർത്തനങ്ങൾക്ക് 100 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
റോഡ്–പാലം മേഖലയിൽ വലിയ മുന്നേറ്റമാണ് ബജറ്റിലൂടെ സാധ്യമാകുന്നത്. ചെമ്പൂത്ര ക്ഷേത്രം റോഡ്, കശുമാവ് റോഡ്, നീലിപ്പാറ മണിയൻ കിണർ റോഡ് എന്നിവയുടെ നവീകരണത്തിനും, പുഴമ്പള്ളം, കൈരളി, മണ്ണാവ്, തെങ്ങുംതറ, പല്ലുതേവർ, തുളിയാൻകുന്ന് എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമ്മാണത്തിനുമായി കോടികൾ അനുവദിച്ചു.
ആരോഗ്യ രംഗത്ത് വെള്ളാനിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിട നിർമ്മാണവും ഒല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നവീകരണവും ബജറ്റിലെ പ്രധാന പദ്ധതികളാണ്. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് ആശാരിക്കാട് ഗവ. യു.പി. സ്കൂൾ ഗ്രൗണ്ട് നിർമ്മാണവും പീച്ചി ഐ.ടി.ഐ. കെട്ടിട നിർമ്മാണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
താണിക്കുടം പുഴ, കച്ചിത്തോട് ഡാം, വഴുക്കുംപാറ കുളം, രാമൻചിറ തുടങ്ങിയ ജലസ്രോതസുകളുടെ നവീകരണം പരിസ്ഥിതി സംരക്ഷണവും കുടിവെള്ള സുരക്ഷയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുത്തൂർ ഇന്റർനാഷണൽ സ്റ്റേഡിയം, പഞ്ചായത്ത് ഓഫീസ് കെട്ടിടം, ജംഗ്ഷൻ വികസനം തുടങ്ങിയ പദ്ധതികൾ ഒല്ലൂരിന്റെ സാമൂഹ്യ–ആർഥിക വളർച്ചക്ക് പുതിയ ഊർജ്ജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു ദശകത്തിനിടെ 2350 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ സർക്കാർ, ഈ ബജറ്റിലൂടെ ഒല്ലൂരിനെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ് എന്നും, പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി.
വടക്കാഞ്ചേരി മണ്ഡലത്തിന് 94.62 കോടി രൂപ അനുവദിച്ചു
സംസ്ഥാന ബജറ്റിൽ വടക്കാഞ്ചേരി മണ്ഡലത്തിന് 94.62 കോടി രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 12 പദ്ധതികൾക്ക് 12 കോടി രൂപ അനുവദിച്ചു. മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം (1.5 കോടി രൂപ), വരടിയം സൗത്ത് കൂവപ്പാ വഴിയോര വിശ്രമ കേന്ദ്രം (ഒരു കോടി രൂപ), കുറൂർ പാറ – 51 തറ കെ.എ.ല്‍.ഡി.സി. ബണ്ട് റോഡ് (ഒരു കോടി രൂപ), തെക്കുംകര പഞ്ചായത്ത് പത്താഴക്കുണ്ട് വട്ടായി കുടിവെള്ള പദ്ധതി വിപുലീകരണം (ഒരു കോടി രൂപ), ഓട്ടുപാറ ചില്‍ഡ്രന്‍സ് പാര്‍ക്കും ഓപ്പണ്‍ ഓഡിറ്റോറിയവും (ഒരു കോടി രൂപ), വടക്കാഞ്ചേരി ആയുർവേദ വിഷവൈദ്യ ആശുപത്രി രണ്ടാം ഘട്ടം (1.5 കോടി രൂപ), തെക്കുംകര ഗ്രാമപഞ്ചായത്ത് സംസ്കാരിക നിലയം, മലാക്ക – രണ്ടാം ഘട്ടം (ഒരു കോടി രൂപ), അമല നഗർ വനിത അമിനിറ്റി സെന്റർ—രണ്ടാം ഘട്ടം (ഒരു കോടി രൂപ), തോളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം- രണ്ടാം ഘട്ടം (50 ലക്ഷം രൂപ), മുണ്ടത്തിക്കോട് കുടുംബാരോഗ്യ കേന്ദ്രം – രണ്ടാം ഘട്ടം (75 ലക്ഷം രൂപ), അടാട്ട് കുടുംബാരോഗ്യ കേന്ദ്രം – രണ്ടാം ഘട്ടം (40 ലക്ഷം രൂപ), അവണൂര്‍ – വരടിയം റോഡ് ബി.എം ആൻഡ് ബി.സി (1.35 കോടി രൂപ) തുടങ്ങിയ പദ്ധതികൾക്കാണ് ബജറ്റിൽ തുക അനുവദിച്ചത്.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിന് 17.62 കോടി രൂപ അനുവദിച്ചു. ഗവ. ഡെൻ്റൽ കോളേജിന് 15 കോടി രൂപയും അനുവദിച്ചു. ഗവ. നഴ്സിംഗ് കോളേജിന് 5.50 കോടി രൂപയും, കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് 12 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കില – കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെ വികസനത്തിനായി 32.5 കോടി രൂപയുമാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.
ഗുരുവായൂർ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നൽ നൽകി സംസ്ഥാന ബജറ്റ്
ഗുരുവായൂർ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. ഗുരുവായൂർ മണ്ഡലത്തിൽ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് നിർമ്മാണത്തിനായി 40 കോടി രൂപയും ഗുരുവായൂർ മമ്മിയൂർ ജംഗ്ഷനിലെ ഫ്ലൈ ഓവറിന് 40 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് അണ്ടത്തോട് പാലം നിർമ്മാണത്തിന് 30 കോടി രൂപയും ചാവക്കാട് – വടക്കാഞ്ചേരി റോഡ് വീതി കൂട്ടൽ സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ 25 കോടി രൂപയും ബജറ്റിൽ വകയിരുത്തി. പുന്നയൂർ ഗ്രാമപഞ്ചായത്ത് ജി.എൽ.പി.എസ് കുരഞ്ഞിയൂർ കെട്ടിടത്തിന് ഒരു കോടി രൂപയും ഗുരുവായൂർ ജി.യു.പി.എസിന്റെ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചാവക്കാട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം രണ്ടാംഘട്ടം നിർമ്മാണത്തിനായി രണ്ട് കോടി രൂപയും ചാവക്കാട് നഗരസഭയിൽ ഭൂരഹിത, ഭവന രഹിതർക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മാണത്തിനായി പത്ത് കോടി രൂപയും പുന്നയൂർ നോർത്ത് ജി.എം.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ബജറ്റിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ചക്കകണ്ടം സ്ലൂയിസ് കം ബ്രിഡ്ജ് നിർമ്മാണത്തിന് രണ്ട് കോടി രൂപയും ഗുരുവായൂർ നഗരസഭയിലെ ആയുർവേദ ആശുപത്രി കെട്ടിടത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ കോട്ടക്കടപ്പുറം സ്കൂൾ മിനി സ്റ്റേഡിയത്തിന് ഒരു കോടി രൂപയും വടക്കേക്കാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പുതിയ കെട്ടിടം നിർമ്മാണത്തിന് രണ്ട് കോടി രൂപയും ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെൻ്റർ വിപുലീകരണം സ്ഥലമെടുപ്പ് ഉൾപ്പെടെ രണ്ട് കോടി രൂപയും അനുവദിച്ചു.



