തോളൂർ പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകി
തോളൂർ പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പേവിഷ ബാധക്കെതിരെ ആദ്യഘട്ട പ്രതിരോധ വാക്സിൻ നൽകി. തോളൂർ വെറ്റിനറി ആശുപത്രിയുടെ നേതൃത്വത്തിലാണ് പ്രതിരോധ വാക്സിൻ നൽകിയത്. പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി കൂടുകയും ആളുകൾക്ക് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പദ്ധതി ഫണ്ട് പ്രകാരം മഴയുടെ സാഹചര്യത്തിലും തെരുവ് നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി അറിയിച്ചു.
തെരുവ് നായ്ക്കളുടെ ശല്യം വിദ്യാത്ഥികൾക്കും പൊതുജനങ്ങൾക്കും അനുഭവപ്പെടുന്നുണ്ടെങ്കിലും കേന്ദ്രനിയമമനുസരിച്ച് തെരുവ് നായ്ക്കളെ കൊല്ലാൻ സാധിക്കാത്തതിനാൽ അതിനൊരു പരിഹാരമെന്ന നിലയിലാണ് പ്രതിരോധ വാക്സിൻ നൽകുന്നത്. മാർക്കറ്റിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും മാത്രമല്ല , ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും നിരത്തുകളിലും സ്കൂളുകളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും ഇവ സ്വൈരവിഹാരം നടത്തുന്നതിന് പുറമെ തെരുവ് നായ്ക്കൾ വാഹനങ്ങൾക്ക് കുറുകെ ചാടി അപകടങ്ങളും പതിവായിരുന്നു. വെറ്റിനറി സർജൻ ഡോ. രമ്യയുടെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ എം. ഷീന, ലൈവ് സ്റ്റാക്ക് ഇൻസ്പക്ടർ അനിൽകുമാർ, ഡോഗ് കേച്ചർ രമണി മഴുവഞ്ചേരി തുടങ്ങിയവർ പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിലെത്തി നൂറിലധികം തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകി.



