THRISSUR

മാരാങ്കോട് ഉന്നതിയിലുള്ളവരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ജില്ലാ കളക്ടർ

മാരാങ്കോട് : ക്രിസ്തുമസ് ദിനത്തിൽ മാരാങ്കോട് ആദിവാസി ഉന്നതിയിലുള്ളവരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഉന്നതിയിലുള്ളവരോടൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും കുട്ടികൾക്ക് കായിക ഉപകരണങ്ങൾ കൈമാറി, കുടുംബാംഗങ്ങൾ ക്രിസ്തുമസ് ന്യൂയർ ആശംസ ഗാനങ്ങൾ പാടി, ഒന്നിച്ച് ഭക്ഷണം കഴിച്ചും ക്രിസ്മസ് സന്തോഷം പങ്കുവെച്ചുമാണ് ജില്ലാ കളക്ടർ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷിച്ചത്.

ഉന്നതിയിലുള്ളവരുടെ ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകി. ഭൂമി നൽകി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സംസ്ഥാനതലത്തിൽ അവസാന ഘട്ടത്തിലാണെന്നും കളക്ടർ വ്യക്തമാക്കി.

ഊരു മൂപ്പന്മാരായ വീരാൻ, സാബു പെരുമാൾ, ഉന്നതിയിലെ മറ്റു നിവാസികൾ എന്നിവരുമായി ഉന്നതിയിലെ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ആവശ്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. വെള്ളം, വൈദ്യുതി, ടോയ്ലറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുമെന്നും ഉടൻതന്നെ പരിഹാരം കാണമെന്നും അറിയിച്ചിട്ടുണ്ട്.

നാലു മാസങ്ങൾക്കു മുൻപാണ് ആരേകാപ്പ്, വീരൻങ്കുടി എന്നീ ഉന്നതികളിലെ മുപ്പത്തിയേഴോളം കുടുംബങ്ങൾ മാരാങ്കോടിലേക്ക് മാറിതാമസമാക്കിയിട്ടുള്ളത്.
ചാലക്കുടി തഹസിൽദാർ ജേക്കബ്, ഭൂരേഖ തഹസിൽദാർ ആൻ്റോ ജേക്കബ് എന്നിവരും, റവന്യു, വനം, പോലീസ്, എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് മെമ്പർമാരും ഉന്നതിയിലെ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു.