വർണ്ണക്കുട 2025 കൊടിയേറി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വർണ്ണക്കുട 2025 ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ കൊടിയേറി. ഇരിങ്ങാലക്കുടയുടെ ദേശീയ-നൃത്ത-സംഗീതോത്സവമായ വർണ്ണക്കുട 2025 ൻ്റെ കൊടിയേറ്റം സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു നിർവ്വഹിച്ചു.
പാഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടെ കൊടിയേറ്റം വർണ്ണാഭമായി. കൊടിയേറ്റത്തിന് ശേഷം വാർഡ് മെമ്പറായ സുധാ ദിലീപിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിവാസികൾ മാനവ സൗഹാർദ ഗീതം ആലപിച്ചു. തുടർന്ന് നടന്ന വർണമഴയും ശ്രെദ്ധേയമായി.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവമായ വർണ്ണക്കുട 2025 ഡിസംബർ 26 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലാണ് നടക്കുന്നത്.
ഇന്ന് വൈകിട്ട് 5 മണിക്ക് വർണ്ണക്കുട ആരംഭിക്കും. കൊരുമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗ മേള, മാനവമൈത്രി ഗീതം, വർണ്ണക്കുട തീം സോങ്ങിന്റെ നൃത്താവിഷ്കാരം, കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തശില്പം ‘എൻ്റെ കേരളം’ തുടർന്ന് ‘ഇന്ദുലേഖ വാര്യർ അവതരിപ്പിക്കുന്ന ലൈവ്’ മ്യൂസിക് ബാൻ്റ് ഷോ എന്നിവ ഇന്ന് അരങ്ങേറും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് ജെ ചിറ്റിലപ്പിള്ളി, ടി.കെ സുധീഷ്, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ എം. പി ജാക്സൺ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ സി. കെ ഗോപി, സാഹിത്യകാരൻ ബാലകൃഷ്ണൻ അഞ്ചത്ത്, പ്രൊഫ. വി. കെ ലക്ഷ്മണൻ നായർ, പി കെ ഭരതൻ മാഷ്, യു പ്രദീപ് മേനോൻ, വാർഡ് മെമ്പർമാരായ കെ എസ് തമ്പി, സുധ ദിലീപ്, ജനപ്രതിനിധികൾ, സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.



