THRISSUR

ആദിവാസി ഊരിൻ്റെ ജൈവവിജയം: അടിച്ചിൽത്തൊട്ടി ഉന്നതിക്ക് സംസ്ഥാന കർഷക പുരസ്കാരം

സംസ്ഥാന കർഷക അവാർഡിൽ ആദിവാസി ഊരിലെ മികച്ച ജൈവകൃഷിക്കുള്ള രണ്ടാം സ്ഥാനം നേടിയതിൻ്റെ ആഹ്ലാദത്തിലാണ് ചാലക്കുടി അടിച്ചിൽത്തൊട്ടി ഉന്നതി നിവാസികൾ. കാടും മലയും താണ്ടിയാണ് കാർഷിക സമൃദ്ധിയുടെ അധ്യായങ്ങൾ ഇവർ രചിച്ചത്.

പണ്ട് മില്ലറ്റുകളും നെല്ലും ഏലവുമായിരുന്നു ഇവരുടെ കൃഷിയിടങ്ങളിൽ വിളഞ്ഞതെങ്കിൽ, വന്യമൃഗങ്ങളുടെ ആക്രമണം കാരണം വാണിജ്യ വിളകളിലേക്ക് തിരിഞ്ഞു. ഇന്ന്, 110.46661 ഹെക്ടർ കൃഷിയിടത്തിൽ കാപ്പിയും കുരുമുളകും മഞ്ഞക്കൂവയും കൊക്കോയും റബ്ബറും ജാതിയും കുടുംപുളിയും തെങ്ങും കൃഷി ചെയ്യുന്നു. നീലമുണ്ടി, കരിമുണ്ട, കല്ലുവള്ളി പോലുള്ള പരമ്പരാഗത കുരുമുളകിനങ്ങളും കാപ്പിയുടെ റോബസ്റ്റ ഇനവും വിളവെടുക്കുന്നുണ്ട്. രാസവളങ്ങളും കീടനാശിനികളും പൂർണ്ണമായി ഒഴിവാക്കിയുള്ള ജൈവകൃഷി രീതിയാണ് അടിച്ചിൽത്തൊട്ടി നിവാസികൾ സ്വീകരിച്ചിരിക്കുന്നത്.

പോത്ത്, പശു, ആട്, കോഴി തുടങ്ങിയ മൃഗങ്ങളെ വളർത്തുന്ന കർഷകർ, അവയിൽനിന്നുള്ള ചാണകവും വിസർജ്യവും ഉപയോഗിച്ച് കമ്പോസ്റ്റ് യൂണിറ്റിലൂടെ വളമാക്കി മാറ്റി ഉപയോ​ഗിക്കുന്നു. പ്രാദേശികമായി ലഭിക്കുന്ന മണ്ണും കല്ലും ഉപയോഗിച്ച് നിർമ്മിച്ച ഈ കമ്പോസ്റ്റ് യൂണിറ്റുകൾ പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണ്. മൂന്ന് മാസത്തിലൊരിക്കൽ ഈ ജൈവവളം ശേഖരിച്ച് കൃഷിയിടങ്ങളിൽ വിതറുന്നതിലൂടെ മണ്ണിൻ്റെ ഫലഭൂയിഷ്ഠതയും വർധിപ്പിക്കുന്നു.

വനിതാശാക്തീകരണത്തിലും ഉന്നതി മുന്നിട്ടുനിൽക്കുന്നു. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകി, ഉന്നതിയിലെ വനിതകൾക്ക് വരുമാനം ലഭിക്കുന്നതിനായി വനിതാ കാർഷിക നഴ്സറി അടിച്ചിൽത്തൊട്ടിയിൽ ആരംഭിച്ചിരുന്നു. ഇവിടെ നിന്ന് തൈകൾ വിതരണം ചെയ്ത് വനിതകൾക്ക് സാമ്പത്തിക ഉന്നമനം സാധ്യമാക്കാനായി.

“അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി” എന്ന പേരിൽ ഒരു എഫ്.പി.സി രൂപീകരിച്ച് ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതും ഇവരുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമാണ്. ഈ കമ്പനിയിലെ എല്ലാ ഓഹരി ഉടമകളും അതിരപ്പിള്ളി വനമേഖയിലെ ആദിവാസി കർഷകരാണ്. കമ്പനി ആദിവാസി കർഷകരിൽ നിന്ന് നേരിട്ട് കാർഷിക, മൂല്യവർദ്ധിത, ഉത്പന്നങ്ങൾ ശേഖരിച്ച് സംസ്കരണം നടത്തി വിപണിയിലെത്തിക്കുന്നു . “അതിരപ്പിള്ളി” എന്ന ബ്രാൻഡ് നാമത്തിൽ റീട്ടെയിൽ കൗണ്ടറുകൾ, വെബ്സൈറ്റ്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, ദേശീയതല പ്രദർശനങ്ങൾ എന്നിവയിലൂടെയാണ് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്. കർഷകർ നേരിട്ട് ഈ പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിനാൽ ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാനും ന്യായമായ വില ഉറപ്പാക്കാനും സാധിക്കുന്നു.

വനമേഖലയുടെ പരിമിതികൾ നേരിടുന്നുണ്ടെങ്കിലും തളരാത്ത മനസ്സോടെ കൃഷി തുടരുന്ന ഈ കർഷകർ മറ്റ് ആദിവാസി ഊരുകൾക്കും ഒരു മാതൃകയാണ്. പുതിയ കാർഷിക സാങ്കേതിക വിദ്യകൾ പഠിച്ചും പാരമ്പര്യത്തെ മുറുകെ പിടിച്ചുമുള്ള ഇവരുടെ യാത്ര പ്രകൃതിയോടുള്ള ആദരവിൻ്റെയും അതിജീവനത്തിൻ്റെയും കഥയാണ് പറയുന്നത്.