THRISSUR

ഓണച്ചന്തയൊരുക്കി തോളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ

തോളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ഓണച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ലില്ലി ജോസ് അധ്യക്ഷത വഹിച്ചു. നേന്ത്രക്കായ, അച്ചാറുകൾ, വറവുകൾ, പച്ചക്കറികൾ 30 ശതമാനം വിലകുറവിൽ ലഭിക്കും. പഞ്ചായത്തിലെ കർഷകരിൽ നിന്ന് മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം അധിക വില നൽകി കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി പൊതുജനങ്ങൾക്ക് 30 ശതമാനം വില കുറവിൽ വിൽക്കുന്നു എന്നതാണ് ഈ ഓണസമൃദ്ധി കർഷകച്ചന്തയുടെ പ്രത്യേകത. ഓണക്കാലത്ത് പഴം, പച്ചക്കറി ഉത്പന്നങ്ങളുടെ വിലകയറ്റം നിയന്ത്രിക്കുക, ന്യായവിലയ്ക്ക് അവ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന കൃഷിവകുപ്പ് കർഷക ചന്തകൾ ആരംഭിച്ചിരിക്കുന്നതെന്ന് കൃഷി ഓഫീസർ മനീഷ പറഞ്ഞു.

ജനപ്രതിനിധികളായ ഷീന വിൽസൺ, സരസമ്മ സുബ്രഹ്മണ്യൻ, ആനി ജോസ്, സി.എ സന്തോഷ് , കെ.ജി. പോൾസൺ, വി.പി. അരവിന്ദാക്ഷൻ, വി.കെ. രഘുനാഥൻ, ഷീന തോമസ് തുടങ്ങിയവർ സംസാരിച്ചു. കാർഷിക വികസന സമിതിയംഗങ്ങൾ, കൃഷി ഭവൻ ജീവനക്കാർ ഓണച്ചന്തക്ക് നേതൃത്വം നൽകി.