നിയന്ത്രണ ലംഘനം: ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി
അഴീക്കോട്: സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച മത്സ്യ ബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പിടികൂടി. മുനക്കകടവ് ബാബു ചെറുവത്തൂർ എന്നയാളുടെ സീസ്റ്റർ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ബോട്ടിൽ 16 സെന്റീമീറ്ററിൽ താഴെയുള്ള 5,000 കിലോ കോര മത്സ്യങ്ങളെ കണ്ടെത്തി. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറംകടലിൽ ഒഴുക്കി വിട്ടു. ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 98,000 രൂപ പിഴ ഈടാക്കി. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ കെ.പി ഗ്രേസിയുടെ നിർദ്ദേശാനുസരണം നടത്തിയ പ്രത്യേക കോമ്പിങ് ഓപറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ നായർ, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻഡ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എൻ.പ്രശാന്ത് കുമാർ, ഇ.ആർ ഷിനിൽകുമാർ, വി.എം. ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ശ്രേയസ്, വിപിൻ, സലിം, ഡ്രൈവർ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെൻ്ററുകളിലും സ്പെഷൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സീമ അറിയിച്ചു.



