സാമൂഹ്യ വികസന പ്രക്രിയകളിൽ യുവജനങ്ങൾ ചാലകശക്തിയാവണം
തൃശൂർ : സാമൂഹ്യ വികസന പ്രക്രിയകളിൽ ചാലകശക്തിയായി മാറുന്നതിന് യുവജനങ്ങളിലെ നേതൃത്വഗുണം പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അഭിപ്രായപ്പെട്ടു. യുവജന നേതൃത്വ പരിശീലന ക്യാമ്പുകൾ ആയതിന് ഗുണപ്രദമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. തൃശൂർ മേരാ യുവഭാരത് സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ് പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വന ഗവേഷണ കേന്ദ്രം രജിസ്ട്രാർ കേണൽ ജോൺസൺ തോമസ് അദ്ധ്യക്ഷനായി. മേരായുവ ഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ മുഖാതിഥിയായി. ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, ഹാർട്ട് ഫുൾനെസ്സ് ഫൗണ്ടേഷനിലെ കെ.യു. മോഹൻ, ശരൺ കെ.എസ്. ഒ. നന്ദകുമാർ, സുജിത്ത് എഡ്വിൻ പെരെര എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ നേതൃഗുണം, വ്യക്തിത്വ വികസനം, ആശയവിനിമയം, സാമ്പത്തിക സാക്ഷരത, സംരംഭകത്വം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകളെടുക്കും. യുവജന പാർലിമെൻ്റ്, സന്നദ്ധ സേവനം, കർമ്മപദ്ധതി രൂപീകരണം, സാഹസിക യാത്ര, യോഗ, ധ്യാനം എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടക്കും. തൃശൂർ ജില്ലയിലെ 35 യുവാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് 30ന് സമാപിക്കും.



