പൗരപ്രമുഖരുടെയും സംഘടനാ പ്രതിനിധികളുടെയും കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങളുടെ സന്ദർശനത്തിൻ്റെ ഭാഗമായി കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും നേരിൽ കൂടിക്കാഴ്ച നടത്തി. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലിൽ നടന്ന ഈ ഹ്രസ്വ കൂടിക്കാഴ്ചയിൽ പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രതിനിധികൾ ഉന്നയിച്ച പ്രധാന വിഷയങ്ങളിൽ ഉൾപ്പെട്ടത് —
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ എയർലൈൻ സർവീസുകൾക്കുള്ള അനുമതി ഉറപ്പാക്കൽ
- എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സർവീസ് കുറച്ച നടപടി പിൻവലിക്കൽ,
- ഉത്സവസീസണുകളിൽ വിമാന ടിക്കറ്റുകളുടെ നിരക്ക് വർധിപ്പിക്കുന്ന പ്രവണതയെ തടയാൻ കേന്ദ്രതലത്തിൽ ശക്തമായ ഇടപെടൽ
- കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കൽ ഒഴിവാക്കൽ
- പ്രവാസികൾക്ക് സുരക്ഷിതമായി ചെറിയ തുകകളിൽ നിക്ഷേപിച്ച് സംസ്ഥാന പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന ‘മൈക്രോ ഇൻവെസ്റ്റ് പ്ലാൻ’ പോലുള്ള പ്രാദേശിക നിക്ഷേപ മാതൃകകൾക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പാക്കൽ എന്നിവയായിരുന്നു.
സർക്കാരിന് സാധ്യമായ പരിധിക്കുള്ളിൽ നിന്ന് പരമാവധി ഇടപെടലുകൾ നടത്തുമെന്നും, എസ്.ഐ.ആർ വിഷയത്തിൽ ഭരണ–പ്രതിപക്ഷ കക്ഷികൾക്കും ഇത് നടപ്പാക്കരുതെന്ന ഏകാഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്കി. എയർ ഇന്ത്യ എക്സ്പ്രസുമായി നടത്തിയ ചർച്ചകളിൽ സർവീസ് കുറച്ച നടപടി പിൻവലിക്കാനും ബുക്കിങ് പുനരാരംഭിക്കാനുമുള്ള ഉറപ്പുകൾ ആദ്യം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പിന്നോട്ടുപോയ നിലപാട് തിരുത്തേണ്ടതുണ്ടെന്നും, അതിനായി വീണ്ടും ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികളുടെ യാഥാർത്ഥ്യങ്ങളും അനുഭവങ്ങളും നേരിട്ട് കേട്ട് നയനിർമാണത്തിൽ ഉൾപ്പെടുത്തുന്ന ഈ രീതിയിലുള്ള കൂട്ടായ്മ, ഭരണത്തിൻ്റെ വിശ്വാസയോഗ്യമായ സമീപനം പ്രവാസി സമൂഹത്തിന് നൽകുന്നതാണെന്ന് സംഘടനാ പ്രതിനിധികൾ വിലയിരുത്തി. ചീഫ് സെക്രട്ടറി ഡോ. ജയന്ത് തിലക് യോഗത്തിൽ പങ്കെടുത്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. വിവിധ മലയാളി സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു.



