THRISSUR

പീച്ചി ഗവ. ഐടിഐക്ക് ഭൂമി കൈമാറി

നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ

പീച്ചി ഗവ. ഐടിഐക്ക്‌ കെട്ടിടം നിർമിക്കാനുള്ള ഭൂമി റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ കൈമാറി. പൊതുവിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, തൊഴിൽ വകുപ്പ് സെക്രട്ടറി എസ്. ഷാനവാസ്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ‌ പി പി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് എതിർവശത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് ഐ ടി ഐക്കുള്ള കെട്ടിടങ്ങൾ നിർമിക്കുക. വിവിധ ട്രേഡുകൾ അഭ്യസിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങൾ, ക്ലാസ് റൂമുകൾ എന്നിവയ്ക്ക് പുറമേ, സ്റ്റുഡൻ്റ്സ് ഹോസ്റ്റൽ കെട്ടിടവും ഇവിടെ നിർമിക്കും.

കഴിഞ്ഞ വർഷമാണ് പീച്ചി ഗവ ഐ ടി ഐക്ക് നാല് കോഴ്സുകളടക്കം മന്ത്രിസഭാ യോഗം അനുമതി നൽകിയത്. ഫാഷൻ ഡിസൈൻ ആൻ്റ് ടെക്നോളജി, ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഇലക്‌ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നിവയാണ് അനുമതി ലഭിച്ച കോഴ്സുകൾ. കഴിഞ്ഞ ഒക്ടോബറിൽ രണ്ട് കോഴ്സുകളോടെ വിലങ്ങന്നൂരിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വാടകയ്ക്കെടുത്ത കെട്ടിടത്തിൽ പീച്ചി ഐടിഐ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ വർഷം അനുമതി ലഭിച്ച നാല് കോഴ്സുകളിൽ രണ്ട് കോഴ്സുകൾ ഈ വർഷം ആരംഭിച്ചു.

സംസ്ഥാന തൊഴിൽ പരിശീലന വകുപ്പ് പ്രഖ്യാപിച്ച മോഡൽ റസിഡൻഷ്യൽ ഐടിഐ ആണ് പീച്ചിയിലുള്ളത്. ഒല്ലൂർ മണ്ഡലത്തിൻ്റെ മലയോര മേഖലയായ പീച്ചി ഇതോടെ ഉന്നത വിദ്യഭ്യാസ മികവിൻ്റെ കൂടി കേന്ദ്രമായി മാറുകയാണ്.
ഈ വർഷം തന്നെ കെട്ടിട നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ രാജൻ അറിയിച്ചു. കഴിഞ്ഞ ബജറ്റിൽ 15 ലക്ഷം രൂപ ഐ ടി ഐക്ക് വകയിരുത്തിയിരുന്നതായും മന്ത്രി പറഞ്ഞു
.