THRISSUR

എസ്എസ്എൽസി, പ്ലസ് ടു: ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രതിഭകളെ ആദരിച്ചു

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ പ്രതിഭകളെ അനുമോദിക്കുന്നതിനായി ‘ആദരം’ പരിപാടി സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആദരം ഉദ്ഘാടനം നിർവഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 786ാം റാങ്ക് ജേതാവായ ഇരിങ്ങാലക്കുട സ്വദേശി ഗംഗ ഗോപി മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

സർഗാത്മകമായ അന്തരീക്ഷം എല്ലാ കലാലയങ്ങളിലും ഉറപ്പാക്കിക്കൊണ്ട് വിദ്യാർത്ഥികളുടെ ഭൗതികമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള സാഹചര്യം ഇന്ന് സർക്കാർ ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കീം പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹരികൃഷ്ണൻ ബൈജു, പതിനേഴാം റാങ്ക് കരസ്ഥമാക്കിയ കെ.എസ് അഭിനവ്, ഐ. എസ്.സി പരീക്ഷയിൽ 98 ശതമാനം മാർക്ക് കരസ്ഥമാക്കിയ ഇർഫാൻ മയൂഫ്, പഠന വൈകല്യത്തെ അതിജീവിച്ച് ഇംഗ്ലീഷിൽ പുസ്തകം രചിച്ച വിദ്യാർത്ഥിയായ ഫിദൽ.പി.എസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയ്ഘോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ചിറ്റിലപ്പിള്ളി, കെ.ആർ ജോജോ, കെ. എസ്. തമ്പി, ലിജി രതീഷ്, ടി.വി ലത, ബിന്ദു പ്രദീപ്, ഇരിങ്ങാലക്കുട ഡി.ഇ.ഒ ടി. ഷൈല, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനിക്കപറമ്പിൽ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് പ്രതിഭാപുരസ്‌കാരം സമര്‍പ്പിച്ചത്. നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ഇതോടൊപ്പം പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.