ഓളപ്പരപ്പിൽ ആവേശം തീർത്ത് കണ്ടശ്ശാംകടവ് ജലോത്സവം
കനോലി കനാലിൻ്റെ ഓളപ്പരപ്പുകളെ തുഴയെറിഞ്ഞ് കൈപ്പിടിയിൽ ഒതുക്കുന്ന ജലരാജാക്കന്മാരുടെ വള്ളംകളി മത്സരമായ കണ്ടശ്ശാംകടവ് ജലോത്സവം ഇത്തവണയും ആവേശോജ്ജ്വലമായി. ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫിക്കായി നടന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിൽ ജലരാജാക്കന്മാരായി എടത്വ ടൗൺ ബോട്ട് ക്ലബ്ബിൻ്റെ ചുണ്ടൻ വള്ളം വിഭാഗത്തിൽ ജവഹർ തായങ്കരി ഒന്നാം സ്ഥാനവും, സൗത്ത് പറവൂർ വെല്ലൂർ ബോട്ട് ക്ലബ്ബിൻ്റെ ആലപ്പാട് ചുണ്ടൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ചുരുളൻ ബിഗ്രേഡ് വള്ളംകളി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കണ്ടശ്ശാം കടവ് കരിക്കൊടി കെ.ഡി.ബി.സി. യുടെ പമ്പാവാസൻ ടീം, രണ്ടാം സ്ഥാനം ജിബി തട്ടകൻ, മൂന്നാം സ്ഥാനം വടക്കുംപുറം എന്നീ ക്ലബ്ബുകളും എ ഗ്രേഡ് ചുരുളൻ വള്ളംകളി വിഭാഗത്തിൽ ഒന്നാം സ്ഥാനം നടുവിൽ സംഘം ബോട്ട് ക്ലബ്ബിൻ്റെ താണിയൻ, രണ്ടാം സ്ഥാനം ഗരുഡൻ, മൂന്നാം സ്ഥാനം സെൻ്റ് സെബാസ്റ്റ്യൻ നംമ്പർ വൺ, എന്നീ ക്ലബ്ബുകളും തുഴഞ്ഞെടുത്തു.
ജലോത്സവത്തിൻ്റെ ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം നിർവഹിച്ച് വിജയിച്ച ടീമുകൾക്കുള്ള ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു.
വള്ളംകളി കലണ്ടറിൽ ഉൾപ്പെട്ടിട്ടുള്ള ചരിത്രപ്രസിദ്ധമായ വള്ളംകളികളിൽ ഒന്നായ കണ്ടശ്ശാംകടവ് ജലോത്സവം പ്രതിസന്ധികളാൽ മുടക്കം വരാതെ ആവേശത്തോടെ സംഘടിപ്പിക്കാൻ പിന്നിൽ പ്രവർത്തിച്ച ജില്ലാ ഭരണകൂടത്തിനും,ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടർ നന്ദി അറിയിച്ചു.
കണ്ടശാങ്കടവ് ജലോത്സവത്തിൻ്റെഭാഗമായി സംഘടിപ്പിച്ച നീന്തൽ മത്സരം, പൂക്കൾ മത്സരം, ഘോഷയാത്ര എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള സമ്മാനവും കളക്ടർ വിതരണം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശിധരൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ റഹിമാൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി എൻ സുർജിത്,എ വി വല്ലഭൻ, ഷീല അജയഘോഷ്, ലിനി ടീച്ചർ, കെ എസ് ജയ, ബെന്നി ആന്റണി, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.



