കിള്ളിമംഗലം കോളേജിൽ 8.29 കോടിയുടെ പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മാണം പുരോഗമിക്കുന്നു
ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിർണായക ചുവടുവയ്പ്പായി ചേലക്കര കിള്ളിമംഗലം ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്ക് ഒരുങ്ങുന്നു. 8.29 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പണി ഡിസംബറിൽ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിട നിർമ്മാണത്തിൻ്റെ പുരോഗതി യു.ആർ. പ്രദീപ് എം.എൽ.എ വിലയിരുത്തി.
പുതിയ അക്കാദമിക് ബ്ലോക്കിൻ്റെ 90 ശതമാനം നിർമാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പുതിയ കോഴ്സുകൾക്ക് ആവശ്യമായ ക്ലാസ് മുറികളും സ്റ്റാഫ് റൂമുകളുമാണ് കെട്ടിടത്തിൽ ഒരുങ്ങുന്നത്. കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല. ഡിസംബറോടെ പൂർത്തിയാക്കി കെട്ടിടം കൈമാറാനാകുമെന്ന് കിറ്റ്കോയുടെ സൈറ്റ് എൻജിനീയർ ഇൻ ചാർജ് സബിത്ത് അറിയിച്ചു.
കൂടാതെ, 1.52 കോടി രൂപ ചെലവിൽ പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പി.ഡബ്ല്യു.ഡി. ആർക്കിടെക്ചറൽ വിഭാഗത്തിൽ നിന്ന് ഫൈനൽ ഡ്രോയിങ് പ്ലാൻ ലഭിച്ചാലുടൻ ഹോസ്റ്റൽ നിർമാണത്തിനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
കോളേജിൽ നടന്ന അവലോകന യോഗത്തിൽ എം.എൽ.എക്ക് പുറമെ പ്രിൻസിപ്പൽ ബ്ലൂമി ജോസഫ്, കിറ്റ്കോ സൈറ്റ് എൻജിനീയർ സബിത്ത്, ഇലക്ട്രിക്കൽ എൻജിനീയർ ഷിജു, കോൺട്രാക്ടർ മുഹമ്മദ് അഷ്റഫ്, പി.ടി.എ. വൈസ് പ്രസിഡണ്ട് ഷാനി എന്നിവരും പങ്കെടുത്തു.



