THRISSUR

കറുകമാട്, മുല്ലപ്പുഴ ജലോത്സവം

യുവശക്തി പുളിയൻതുരുത്ത് ക്ലബ്ബ് വീണ്ടും ജേതാക്കൾ

തൃശ്ശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് ഡോ. എ.പി.ജെ. അബ്ദുൽ കലാം എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള കറുകമാട്, മുല്ലപ്പുഴ ജലോത്സവം സമാപിച്ചു. ജലോത്സവം എൻ.കെ. അക്ബർ എം.എൽ.എ. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.

മത്സരത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ യുവശക്തി പുളിയൻതുരുത്ത് ക്ലബ്ബിൻ്റെ ‘ഹനുമാൻ നമ്പർ വൺ’ എന്ന വള്ളം രണ്ടാം തവണയും എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി.

എ ഗ്രേഡ് വിഭാഗത്തിൽ വീരസേനാപതി ബോട്ട് ക്ലബ്ബിൻ്റെ ‘പുത്തൻപറമ്പിൽ’ വള്ളം രണ്ടാം സ്ഥാനം നേടി. ബി ഗ്രേഡ് വിഭാഗത്തിൽ ടി.ഡി.ബി.സി. ക്ലബ്ബിൻ്റെ ‘സെൻ്റ് സെബാസ്റ്റ്യൻ നമ്പർ വൺ’ ഒന്നാം സ്ഥാനവും നടുവിൽക്കര ബ്ലാക്ക് ഹോൾസ് ക്ലബ്ബിൻ്റെ ‘മടപ്ലാന്തുരുത്ത്’ വള്ളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച അമരക്കാരായി ഹനുമാൻ നമ്പർ വണ്ണിൻ്റെ സുഭാഷും, സെൻ്റ് സെബാസ്റ്റ്യൻ നമ്പർ ടുവിൻ്റെ മനോജും തിരഞ്ഞെടുക്കപ്പെട്ടു. ഇരുട്ടുകുത്തി, ചുരുളൻ ഓടി വള്ളങ്ങളിലെ എ ഗ്രേഡ് വിഭാഗത്തിൽ ഏഴ് വള്ളങ്ങളും ബി ഗ്രേഡ് വിഭാഗത്തിൽ ഒമ്പത് വള്ളങ്ങളും മത്സരത്തിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് ഗസ്സാലി അധ്യക്ഷത വഹിച്ചു. കടപ്പുറം ​ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിസ്രിയ മുസ്താഖ് അലി, സുബ്രഹ്മണ്യൻ, കടപ്പുറം പഞ്ചായത്ത് അംഗങ്ങളായ ഹസീന താജുദ്ധീൻ, ഷമീറ ഷരീഫ്, പി.എ. മുഹമ്മദ്, ബോഷി ചാണാശ്ശേരി, കെ.എച്ച്. റാഹില, ഹയാത്ത് ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് ഷാക്കിർ, ക്ലബ്ബ് രക്ഷാധികാരി വി. റഷീദ്, കറുകമാട് കലാ സാംസ്കാരിക വേദി പ്രസിഡണ്ട് എ. അബ്ദുൽറഹിം തുടങ്ങിയവർ സംസാരിച്ചു.