THRISSUR

വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ നാലിന്; സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു

സാമൂഹികനീതി വകുപ്പിൻ്റെ വാര്‍ഷികവും വയോജന ദിനാചരണവും ഒക്ടോബര്‍ മൂന്നിന്

വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍, സാമൂഹികനീതി വകുപ്പിൻ്റെ വാര്‍ഷികാഘോഷം, വയോജന ദിനാചരണം എന്നിവയുടെ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്നു. സാമൂഹികനീതി വകുപ്പിൻ്റെ വാര്‍ഷികവും വയോജന ദിനാചരണവും ഒക്ടോബര്‍ മൂന്നിന് ജില്ലയില്‍ നടത്തും. സംസ്ഥാനം 75 വര്‍ഷം പൂര്‍ത്തിയായതിനുശേഷം കഴിഞ്ഞകാല വളര്‍ച്ചയെ വിലയിരുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ കേരളം എങ്ങനെയായിരിക്കണം എന്ന് വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ശേഖരിക്കുന്നതിനുമാണ് ഒക്ടോബര്‍ നാലിന് ജില്ലയില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ചെയര്‍പേഴ്‌സണും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യ രക്ഷാധികാരിയും ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മേയര്‍, ഡെപ്യൂട്ടി മേയര്‍, ജില്ലാ കളക്ടര്‍, സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനര്‍, കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍, ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍, ട്രാന്‍സ് ജെന്‍ഡര്‍ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരായും സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ ചെയര്‍പേഴ്‌സണ്‍മാരായി 20 സബ് കമ്മിറ്റികളും രൂപീകരിച്ചു.

സംഘാടകസമിതി രൂപീകരണ യോഗത്തില്‍ സാമൂഹികനീതി ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ മിഷന്‍ 2031 പദ്ധതി വിശദീകരിച്ചു. തൃശ്ശൂര്‍ കോര്‍പ്പേറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. ഷാജന്‍, എ.ഡി.എം ടി. മുരളി, അസിസ്റ്റന്റ് കളക്ടര്‍ സ്വാതി റാഥോഡ്, സാമൂഹികനീതി അഡീഷണല്‍ ഡയറക്ടര്‍ എസ്. ജലജ, സാമൂഹികനീതി അസിസ്റ്റൻ്റ് ഡയറക്ടര്‍ ഷീബ മുംതാസ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ പ്രദീപന്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.