ഫിഷറീസ് സ്‌കൂളിലെ കുട്ടിക്കൂട്ടം കളക്ടറെ കാണാനെത്തി
ജില്ലയിലെ വിവിധ മേഖലയിലുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി സംവദിക്കുന്നതിനായി നടത്തുന്ന ‘മുഖാമുഖം മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയുടെ 47-ാം അധ്യായത്തില്‍ ഗവ. ഫിഷറീസ് പുത്തന്‍കടപ്പുറം സ്‌കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് അതിഥികളായി എത്തിയത്. വിദ്യാര്‍ത്ഥികളിലേറെയും ചാവക്കാട് ഭാഗത്തുനിന്നുള്ളവരായിരുന്നു. ചാവക്കാടിലെ ടൂറിസം സ്ഥലങ്ങളെക്കുറിച്ച് കുട്ടികള്‍ കളക്ടറോട് സംസാരിച്ചു. അവധി ആഘോഷത്തെക്കുറിച്ചും കുട്ടികള്‍ വാചാലരായി.

സംവാദത്തില്‍ ചാവക്കാടുള്ള മറൈന്‍ വേള്‍ഡ് കണ്ടിട്ടുണ്ടോ എന്ന് കളക്ടര്‍ കുട്ടികളോട് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു കുട്ടികൂട്ടിത്തിലെ പലരുടെയും മറുപടി. കാണണോ എന്ന് ചോദിച്ചപ്പോള്‍ കാണണം എന്നായിരുന്നു എല്ലാവരുടെയും മറുപടി. കുട്ടികളുടെ ആഗ്രഹംപോലെ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ചാവക്കാടുള്ള മറൈന്‍ വേള്‍ഡ് കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്താണ് കളക്ടര്‍ കുട്ടികളെ യാത്രയാക്കിയത്.
ആദ്യമായി സിവില്‍സ്‌റ്റേഷനിലെത്തിയ കുട്ടികള്‍ കളക്ടറേറ്റെല്ലാം ചുറ്റിക്കറങ്ങിക്കണ്ടും ഫോട്ടോയെടുത്തും ആഘോഷമാക്കി. പോകാന്‍ നേരം കളക്ടറെ അവരുടെ സ്‌കൂളിലേക്ക് ക്ഷണിച്ചുകൊണ്ടാണ് കുട്ടികള്‍ മടങ്ങിയത്. അധ്യാപകരായ എം.കെ. അബ്ദുള്‍ സലീം, എസ്.കെ. പ്രിയ, കെ.എം. മഞ്ജു എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.



