THRISSUR

വിമുക്തി സെൻ്ററിൽ കുടുംബ സംഗമം നടത്തി

വിമുക്തി മിഷനും സന്നദ്ധ സംഘടനയായ ഡ്രീം പദ്ധതിയും സംയുക്തമായി വിമുക്തി ഡി അഡിക്ഷൻ സെൻ്ററിൽ 21 ദിവസത്തെ ചികിത്സ നേടിയവരുടെ കുടുംബസംഗമം നടത്തി. റിലാപ്‌സ് ആവാതെ ഒരു വർഷം പൂർത്തീകരിച്ചവർക്കും കുടുംബംഗങ്ങൾക്കുമാണ് പരിപാടി സംഘടിപ്പിച്ചത്. ഇവർക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിൻ്റെ ഉദ്ഘാടനം അസി. എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ ജില്ലാ മാനേജറുമായ എ.ആർ. നിഗീഷ് നിർവ്വഹിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ അധ്യക്ഷയായി. വിമുക്തി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ എം.ജെ. ബീന റിലാപ്സ് തടയാനുള്ള മാർഗങ്ങളെക്കുറിച്ച് കുടുംബാംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡ്രീം പദ്ധതി ജില്ലാ കോഡിനേറ്റർ അനീഷ, ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, അസി. ഇൻസ്പെക്ടർ കെ.കെ. രാജു, സൈക്യാട്രിക് സോഷ്യൽ വർക്കർ കെ.പി. അയന, വിമുക്തി ജില്ലാ കോഡിനേറ്റർ ഷഫീഖ് യൂസഫ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ചികിത്സ പൂർത്തിയാക്കിയവരുടെ അനുഭവ വിവരണവും വിമുക്തി ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.