കെ.എസ്.ടി.പി. കോ-ഓർഡിനേഷൻ കമ്മിറ്റി അവലോകന യോഗം ചേർന്നു
തൃശ്ശൂർ ജില്ലയിലെ കെ.എസ്.ടി.പി. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന തൃശ്ശൂർ–കുറ്റിപ്പുറം, കൊടുങ്ങല്ലൂർ–ഷൊർണൂർ റോഡ് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു.
ഡിസംബർ മാസത്തിനകം തൃശ്ശൂർ–കുറ്റിപ്പുറം റോഡിൻ്റെ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു. തൃശ്ശൂർ ശോഭ സിറ്റിക്ക് സമീപമുള്ള മൈനർ ബ്രിഡ്ജിൻ്റെ ഇടതുഭാഗം പൊളിക്കാനുള്ള തീരുമാനം സബ് കമ്മിറ്റി ചേർന്ന് എടുക്കണമെന്നും, അശ്വനി ജംഗ്ഷന് സമീപത്തുള്ള വാട്ടർ ലീക്കേജ് പ്രശ്നത്തിന് കോർപ്പറേഷൻ ഉടൻ പരിഹാരം കാണണമെന്നും കളക്ടർ നിർദ്ദേശിച്ചു.
പുഴക്കൽ പാലത്തിൻ്റെ പ്രവൃത്തി സെപ്തംബർ 19-ന് പൂർത്തിയാക്കി ഒക്ടോബർ ഒമ്പതിന് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് കളക്ടർ അറിയിച്ചു. വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ പൈപ്പിടൽ പൂർത്തിയായ ഭാഗത്ത് പ്രഷർ ടെസ്റ്റും ഇന്റർലിങ്കിങ്ങും വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകി.
തൃശ്ശൂർ–കുറ്റിപ്പുറം, കൊടുങ്ങല്ലൂർ–ഷൊർണൂർ റോഡ് നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, തടസ്സങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കണമെന്നും കളക്ടർ യോഗത്തിൽ പറഞ്ഞു. ട്രാഫിക് ക്രമീകരണങ്ങളും മറ്റു സാങ്കേതിക തടസ്സങ്ങളും പരിഹരിക്കുന്നതിനായി സബ് കമ്മിറ്റി യഥാസമയങ്ങളിൽ ചേർന്ന് നടപടികൾ സ്വീകരിക്കണം.
കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ അഖിൽ വി. മേനോൻ, അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



