ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പഠനമുറി പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നടന്നു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പഠനമുറി പദ്ധതിയുടെ 2024-25, 2025-26 വർഷങ്ങളിലെ ഗുണഭോക്താക്കളുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരിങ്ങാലക്കുട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് വഴി 201 ഗുണഭോക്താക്കൾക്കായി 3,95,50,000 രൂപ ചെലവഴിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അറിയിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മുന്നിട്ട് നിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഇരിങ്ങാലക്കുടയിലെ ശാന്തിനികേതൻ ഹാളിൽ നടന്ന ചടങ്ങിൽ 45-ഓളം ഗുണഭോക്താക്കൾ പങ്കെടുത്തു. 2024-25 വർഷം പഠനമുറിയുടെ നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് താക്കോൽദാനം നിർവഹിച്ചു. ആദ്യം നിർമാണം പൂർത്തിയാക്കിയ കാട്ടൂർ സ്വദേശിനി ദീപ മണികണ്ഠന് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ്. രമേശ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റീന ഫ്രാൻസിസ്, മിനി വരിക്കാശ്ശേരി, അമിത മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, പട്ടികജാതി വികസന ഓഫീസർ പി.യു. ചൈത്ര തുടങ്ങിയവർ പങ്കെടുത്തു.



