നാട്ടികയിൽ ‘കൂൺ ഗ്രാമം’ പദ്ധതിക്ക് തുടക്കം; ലക്ഷ്യം കർഷകർക്ക് അധിക വരുമാനം
നാട്ടിക നിയോജക മണ്ഡലത്തിൽ കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനുമായി ‘കൂൺ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി സഹകരിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. 30.25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
തൃപ്രയാർ ശ്രീവത്സം ഹാളിൽ നടന്ന ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ഹോർട്ടികൾച്ചർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.ഐ. മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരിച്ചു.
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ രണ്ട് കൂറ്റൻ കൂൺ ഉത്പാദന യൂണിറ്റുകൾ, 100 ചെറുകിട യൂണിറ്റുകൾ, ഒരു വിത്തുത്പാദന യൂണിറ്റ്, മൂന്ന് സംസ്കരണ യൂണിറ്റുകൾ, രണ്ട് പായ്ക്ക് ഹൗസുകൾ, മൂന്ന് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കും. കർഷകർക്കായി പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കും. ബ്ലോക്ക് തല പരിശീലനത്തിന് ശേഷം തിരഞ്ഞെടുത്ത നൂറിലധികം കർഷകർ മണ്ഡലം തല പരിശീലനത്തിലും പങ്കെടുത്തു.
2025-26 വർഷത്തെ സംസ്ഥാനത്തെ മികച്ച കൂൺ കർഷകനുള്ള പുരസ്കാരം നേടിയ എൻ.വി. രാഹുലാണ് കർഷകർക്കായി പരിശീലന ക്ലാസ് നയിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.കെ. ശശിധരൻ, എ.കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.ആർ. ദിനേശൻ, ജീന നന്ദൻ, കെ.കെ. മോഹൻദാസ്, ശുഭ സുരേഷ്, നാട്ടിക ഗ്രാമപഞ്ചായത്ത് അംഗം സി.എസ്. മണികണ്ഠൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൃഷി .അസിസ്റ്റൻ്റ് ഡയറക്ടർമാരായ കെ.സി. റൈഹാന, സി.ഡി. മാലിനി, കെ.കെ. ഹേന, മറ്റ് കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.



