THRISSUR

ഏങ്ങണ്ടിയൂർ കോട്ടക്കടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ കോട്ടക്കടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൻ്റെ പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം എൻ.കെ അക്ബർ എം.എൽ.എ നിർവഹിച്ചു. വിദ്യാലയത്തിന് ഇരട്ടി മധുരമെന്നോണം സ്കൂൾ ഗ്രൗണ്ട് നവീകരണത്തിനായി ആവശ്യമായ പദ്ധതി തയ്യാറാക്കി നൽകുമെന്ന് എംഎൽഎ ചടങ്ങിൽ അറിയിച്ചു.

പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം അക്കാദമിക രംഗത്തും കലാ-കായിക രംഗങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇവിടത്തെ കുട്ടികൾക്ക് കായിക പരിശീലനത്തിനായി വിശാലമായ ഗ്രൗണ്ട് ഉണ്ടെങ്കിലും താഴ്ന്ന ഇടമായതിനാൽ നല്ലൊരു മഴ പെയ്താൽ വെള്ളം നിറഞ്ഞു കുട്ടികൾക്ക് കളിക്കാൻ പറ്റാത്ത അവസ്ഥയിലാവുന്ന സ്ഥിതി ആണ്. നിർമ്മാണോദ്ഘാടനത്തിനെത്തിയ എംഎൽഎയോട് ഈ അവസ്ഥ പറഞ്ഞതോടെ ഗ്രൗണ്ട് നവീകരണത്തിനായി വേണ്ട പദ്ധതി നടപ്പിലാക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകുകയായിരുന്നു.

നവകേരളം മിഷൻ രണ്ട് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 2,537 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി നാല് ക്ലാസ് റൂമുകൾ, ടോയ്‌ലറ്റ്, സ്റ്റെയർകേസ്, വരാന്ത എന്നിവ സജ്ജീകരിക്കും.

ചടങ്ങിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേഷ് അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എം അഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.കെ സുദർശനൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബി സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുശീല സോമൻ,
സതീഷ് പനയ്ക്കൽ, ഗീതു കണ്ണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ബി സുധ, വാർഡ് മെമ്പർമാരായ ഉഷ സുകുമാരൻ, ഉഷ വി പുരുഷോത്തമൻ, വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി അമ്പിളി, വിദ്യാകിരണം പദ്ധതി കോ-ഓർഡിനേറ്റർ എൻ.കെ രമേഷ്, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വി മഞ്ജുഷ, പി.ടി.എ പ്രസിഡണ്ട് കെ.എച്ച് സുൽത്താൻ, പ്രധാനധ്യാപിക പി.ബി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.