THRISSUR

മനുഷ്യ-വന്യജീവി സംഘർഷം എലിഫൻ്റ് അലാറവും ജനകീയ ഹെൽപ്പ് ഡെസ്‌ക്കും സജ്ജീകരിച്ചു

തിരുവില്വാമല: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ മലയോര വനമേഖലകളിലെ കർഷകരുടെയും സാധാരണക്കാരുടെയും ദുരിതങ്ങൾക്ക് പരിഹാരമായി തീവ്രയജ്ഞ പരിപാടിയുമായി വനം വകുപ്പ് രം​ഗത്ത്‌. ചേലക്കരയിൽ കാട്ടാന ആക്രമണം തടയുന്നതിനുള്ള എലിഫൻ്റ് ആൻ്റ് വൈൽഡ് ലൈഫ് റിപ്പലൻ്റ് അലാറവും വനം വകുപ്പ് ഇതിനായി സജ്ജീകരിച്ചു. വനമേഖലയോട് ചേർന്ന് കിടക്കുന്ന വിവിധ പഞ്ചായത്തുകളിലാണ് വനം വകുപ്പ് ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ചത്. സെപ്റ്റംബറിൽ നടത്തിയ ദ്വൈവാര തീവ്രയജ്ഞ പരിപാടിയിൽ, വടക്കാഞ്ചേരി മച്ചാട് റേഞ്ചിന് കീഴിലെ പത്ത് പഞ്ചായത്തുകളിലും ഒരു മുനിസിപ്പൽ ഏരിയയിലുമായിട്ടാണ് പ്രവർത്തനങ്ങൾ നടന്നത്. വന്യജീവികളുടെ ആക്രമണം മൂലമുണ്ടായ കൃഷിനാശം, ഭൂമി തർക്കം, ജീവഹാനി, ഗതാഗത പ്രശ്നം, മരം മുറി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ഹെൽപ്പ് ഡെസ്‌കുകൾ സ്വീകരിച്ചത്. ഇതിനോടകം നൂറോളം പരാതികൾ പരിഹരിച്ചതായി വനം വകുപ്പ് അറിയിച്ചു.

പരാതി എഴുതി സമർപ്പിക്കാനുള്ള പെട്ടിയും വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക് വഴി ലഭ്യമായിരുന്നു. ഓൺലൈൻ പരാതി സമർപ്പിക്കാൻ അറിയാത്ത കർഷകരെ ബോധ്യപ്പെടുത്തി, നേരിട്ട് അപേക്ഷകൾ സ്വീകരിക്കുകയും ഫീൽഡ് വിസിറ്റ് നടത്തി നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവ ജനങ്ങൾക്ക് ലഭ്യമാക്കിയെന്നും തിരുവില്വാമല പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌കിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഗിരീഷ് പറഞ്ഞു. കാട്ടു പന്നി, മലയണ്ണാൻ, കുരങ്ങ് എന്നിവയുടെ ശല്യം മൂലമുള്ള നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ ഹെൽപ്പ് ഡെസ്‌ക് വഴി പുരോഗമിക്കുന്നുണ്ട്. കൂടാതെ, സോളാർ ഫെൻസിം​ഗ്, കിടങ്ങ് എന്നിവ നിർമ്മിക്കാനുള്ള അപേക്ഷകൾ തദ്ദേശ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നു. ജില്ലാ ഫോറസ്റ്റ് ഡിവിഷൻ തലത്തിലും സംസ്ഥാന തലത്തിലും ചർച്ച ചെയ്ത് ഭാവിയിൽ കൃത്യമായ നയ രൂപീകരണം നടത്തും. സീറോ ബജറ്റിൽ മികച്ച ആസൂത്രണത്തോടെ നടപ്പാക്കിയ പദ്ധതി 45 ദിവസത്തിനുള്ളിൽ ലക്ഷ്യം കാണുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിൻ്റെ ഭാഗമായി വനം വകുപ്പ് സ്ഥാപിച്ച എലിഫൻ്റ് ആൻ്റ് വൈൽഡ് ലൈഫ് റിപ്പല്ലൻ്റ് അലാറവും ജനശ്രദ്ധ നേടുകയാണ്. ചേലക്കര നിയോജകമണ്ഡലത്തിലെ ആറ്റൂർ, പഴയന്നൂർ, ചേലക്കര എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സാങ്കേതിക വിദ്യ സജ്ജീകരിച്ചിരിക്കുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടായാൽ ഉടൻ തന്നെ വിവരം അറിയിക്കാൻ ഈ സംവിധാനത്തിന് കഴിയും. കാട്ടാന ആക്രമണം തടയുന്നതിനുള്ള വനം വകുപ്പിൻ്റെ ഈ പുതിയ ഇടപെടൽ മലയോര മേഖലയ്ക്ക് ആശ്വാസമേകുമെന്നാണ് പ്രതീക്ഷ. വനം വകുപ്പിൻ്റെ ഈ പുതിയ ജനകീയ ഇടപെടൽ മലയോര മേഖലയിലെ കർഷകർക്ക് ഒരുപാട് ആശ്വാസമേകുന്നുണ്ട്.