THRISSUR

ഒരുമനയൂരിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

ഒരുമനയൂർ: ഹരിത കർമ്മസേന സംസ്ഥാനത്ത് കഴിഞ്ഞ വർഷം 1,52,000 ടൺ പ്ലാസ്റ്റിക് ശേഖരിച്ചെന്ന് എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ 30 ലക്ഷം വകയിരുത്തി 1,600 ചതുരശ്ര അടിയിൽ പണിത മെറ്റീരിയൽ കളക്ഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് കേരളം മുഴുവൻ രണ്ട് തവണ മൂടാമെന്നതാണ് ഈ വിഷയത്തിൻ്റെ വ്യാപ്തി. ഹരിത കർമ്മസേന ഇല്ലെങ്കിൽ ഈ അജൈവ മാലിന്യങ്ങളൊക്കെ നമ്മുടെ പരിസരങ്ങളിലും ജലാശയങ്ങളിലും നിറയുമായിരുന്നു. എന്നാൽ ഇപ്പോഴും ചില സാമൂഹ്യ വിരുദ്ധർ മാലിന്യം വലിച്ചെറിയുന്നുണ്ട്. അവരെ വെറുതെ വിടരുതെന്നും കേരളത്തിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ ഈടാക്കിയത് എട്ട് കോടി അമ്പത്തിയഞ്ച് ലക്ഷം രൂപയാണെന്നും മന്ത്രി പറഞ്ഞു.

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ നിലവിൽ പണിത മെറ്റീരിയൽ കളക്ഷൻ സെൻ്റർ പോരാതെ വന്നത് ഈ പഞ്ചായത്തിൽ നല്ല രീതിയിൽ മാലിന്യ ശേഖരണം നടക്കുന്നു എന്നതിന് തെളിവാണ്. ഇന്ന് ഈ പഞ്ചായത്ത് ജില്ലയിൽ യൂസർ ഫീ കളക്ഷനിൽ ഒന്നാമതാണ്. നല്ല രീതിയിൽ ഹരിത കർമ്മസേന പ്രവർത്തിക്കുകയും മാലിന്യ ശേഖരണത്തോട് സഹകരിക്കുന്ന നല്ലവരായ നാട്ടുകാരും ഒത്തുചേർന്നതിൻ്റെ ഫലം ആണിതെന്നും മന്ത്രി പറഞ്ഞു. ചെറിയ ഗ്രാമപഞ്ചായത്ത് ആയിട്ട് കൂടി ഇത്രയും മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് ഭരണ സമിതിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ ഒരുമനയൂർ പഞ്ചായത്തിനെ മന്ത്രി അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ സെൻ്ററിൽ കലണ്ടർ പ്രകാരമുള്ള അജൈവ വസ്‌തുക്കൾ ശേഖരിക്കുന്നതിനുള്ള സ്ഥലം ആദ്യ ഘട്ടത്തിൽ 12 ലക്ഷം രൂപ ചെലവഴിച്ച് 800 ചതുരശ്ര അടിയിൽ ആരംഭിച്ചിരുന്നു. എന്നാൽ സ്ഥലത്തിൻ്റെ അപര്യാപ്‌തത മൂലം രണ്ടാംഘട്ടമായി 2024-2025, 2025-2026 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ സെൻ്റർ ആരംഭിക്കുകയായിരുന്നു. ചടങ്ങിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത്, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.എച്ച് കയ്യുമ്മു, കെ.വി രവീന്ദ്രൻ, ഇ.ടി ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി, ആഷിദ, നഫീസത്തുൾ മിസ്‌രിയ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹസീന അൻവർ, നഷ്റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജുഫൈർ, ബിന്ദു ചന്ദ്രൻ, വി.സി ഷാഹിബാൻ, കെ.ജെ ചാക്കോ, കുടുംബശ്രീ ചെയർപേഴ്സൺ സുലൈഖ ഖാദർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജോഷി ഫ്രാൻസിസ്, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഷിബുദാസ്, എൽഎസ്ജിഡി അസിസ്റ്റന്റ് എഞ്ചിനീയർ എസ്.ആർ ദീപക്, രാഷ്ട്രീയ പാർട്ടി പ്രതിനിധി കെ.എ ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.