THRISSUR

തളിക്കുളത്ത് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെ കീഴിൽ ആയുർ സ്പന്ദനം എന്ന പേരിൽ ആയുർവേദ രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർ, അങ്കണവാടി അധ്യാപകർ, ഹെൽപ്പർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്തിൻ്റെ സർവ്വ മേഖലകളിലും മുഴുവൻ സമയവും പഞ്ചായത്തിൻ്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. 81 പേർ പങ്കെടുത്ത ക്യാമ്പിൽ എല്ലാവർക്കും രോഗപ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, സുമന ജോഷി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ വി.കെ സുമയ്യ, സീനിയർ ഹൗസ് സർജൻ ഡോക്ടർ സൂര്യ, യോഗ ഇൻസ്ട്രക്ടർ എ.എസ് ലൈജു എന്നിവർ സംസാരിച്ചു. അറ്റൻഡർ എൻ.ബി മല്ലിക, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ പി.വി സുനേഷ, പിടിഎസ് കെ.ജി ഡിക്സൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.