എൻ.എസ്.എസ് പ്രോഗ്രാം ജില്ലാതല സംഗമവും ആദരവും സംഘടിപ്പിച്ചു
തൃശൂർ: ഹയർ സെക്കൻഡറി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല സംഗമവും ആദരവും ജില്ലാ സബ് കളക്ടർ അഖൽ വി. മേനോൻ ഉദ്ഘാടനം ചെയ്തു. പഠിക്കുമ്പോൾ എൻ.എസ്.എസ് പ്രവർത്തനങ്ങൾ തൻ്റെ ഐഎഎസ് ജീവിതത്തിന് പ്രചോദനമായി എന്ന് സബ് കളക്ടർ പറഞ്ഞു. അട്ടപ്പാടിയിൽ നടന്ന പ്രകൃതിപഠന ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, എൻ.എസ്.എസ് തൻ്റെ ജീവിതത്തിന് നൽകിയ പാഠങ്ങൾ ജീവിതമാർഗ്ഗം തന്നെ മാറ്റിയതായും വ്യക്തമാക്കി.
തൃശൂർ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമത്തിൽ നൂറ്റിഅമ്പതിൽപ്പരം പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു. ചടങ്ങിൽ മൂന്ന് വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു. ഹയർ സെക്കൻഡറി ജില്ലാ അക്കാദമിക് കോർഡിനേറ്റർ ടി.എം. ലത അധ്യക്ഷയായി. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം മധ്യമേഖല കൺവീനർ ഡോ. എൻ. രാജേഷ് പദ്ധതിവിവരണം നടത്തി.
എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ എം.വി. പ്രതീഷ്, സ്കൂൾ പ്രിൻസിപ്പാൾ സി. ഭാവന റോസ്, ഐ.എം.എ പ്രതിനിധി ഡോ. സജിത്ത്, എൻ.എസ്.എസ് ക്ലസ്റ്റർ കൺവീനർമാരായ ഡോ. എം. ബിജീഷ്, ലിന്റോ വടക്കൻ, ഇ.ആർ. രേഖ എന്നിവർ സംസാരിച്ചു.



