തളിക്കുളം ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിൻ്റെ ശിലാ സ്ഥാപനം നടത്തി
തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റേയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും ആഭിമുഖ്യത്തിൽ വാടാനപ്പള്ളിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിൻ്റെ ശിലാസ്ഥാപനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് നിർവഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഗ്രാൻ്റ് വിഹിതമായ 28 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം അഹമ്മദ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇബ്രാഹിം പടുവിങ്ങൽ, വി. കല, കെ.ബി സുധ, വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ജമാലു, വാർഡ് മെമ്പർമാരായ സി.എം നിസാർ, ഷൈജ ഉദയകുമാർ, ശ്രീകല ദേവാനന്ദ് എന്നിവർ സംസാരിച്ചു.



