തദ്ദേശ തെരഞ്ഞെടുപ്പ്: പരിശീലനം ആരംഭിച്ചു
തൃശ്ശൂർ: 2025 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വരണാധികാരികൾക്കും സഹ വരണാധികാരികൾക്കും നൽകുന്ന
പരിശീലനം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പരിശീലനം ഉദ്ഘാടനം ചെയ്തു. നാല് ബാച്ചുകളായി കലക്ട്രേറ്റ് എക്സിക്യൂട്ടിവ് ഹാളിലാണ് പരിശീലനം നൽകുന്നത്.
ജില്ലയിൽ ത്രിതല പഞ്ചായത്ത് തലത്തിലുള്ള 118 വരണാധികാരികൾക്കും, 121 സഹ-വരണാധികാരികൾക്കും സഹായികൾക്കുമാണ് പരിശീലനം നൽകുന്നത്. വരണാധികാരിയുടെ ചുമതലകൾ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഐ ടി ആപ്ളിക്കേഷൻ എന്നിവ സംബന്ധിച്ച വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. പരിശീലനം ഇന്ന് സമാപിക്കും.
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കെ കൃഷ്ണകുമാർ, തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടർ ഡി സാജു, ട്രെയിനിംഗ് നോഡൽ ഓഫിസർ എം മനോജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് പരിശീലനം നേടിയ ജിലാ തല പരിശീലകരായ സി എൻ നിധിൻ, സനിൽ കുമാർ, ജി പ്രസീത, ഭരത് ദർശൻ എന്നിവരാണ് പരിശീലനം നൽകുന്നത്



