എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം പ്രസിദ്ധീകരിച്ചു
തൃശ്ശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടപ്പാക്കുന്നതിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ മാനേജർമാർ വിട്ടുനൽകിയ തസ്തികകളുടെയും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽനിന്ന് ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാർത്ഥികളുടെയും വിവരങ്ങൾ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരം സർക്കാർ പുറത്തിറക്കിയ ഉത്തരവുകളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകളുടെയും അടിസ്ഥാനത്തിലാണ് നിയമന നടപടികൾ പുരോഗമിക്കുന്നത്.
സംവരണ നിയമനത്തിനായി വിട്ടുനൽകിയ തസ്തികകളുടെയും ഉദ്യോഗാർത്ഥികളുടെയും വിവരങ്ങൾ സമന്വയ സൈറ്റിൽ (https://samanwaya.kite) ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ, മൊബൈൽ നമ്പറിൽ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് നവംബർ ഏഴിനകം സമന്വയയിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം. ലഭ്യമായ ഒഴിവ് വിവരങ്ങൾ പരിശോധിച്ച് ഓപ്ഷൻ ക്രമപ്രകാരം നൽകേണ്ടതാണ്. പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുന്നതിനോ ഓപ്ഷൻ നൽകുന്നതിനോ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ, ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും അടുത്തുള്ള ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകൾ സമന്വയ സൈറ്റിൽ ലഭ്യമാണ്. ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ 0487 2360810 (ഡി.ഡി.ഇ ഓഫീസ്, ലാൻഡ് ഫോൺ) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാതല സമിതി കൺവീനർ കൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.



