THRISSUR

അനധികൃത മത്സ്യബന്ധനം: കർണ്ണാടക ബോട്ടുകൾക്ക് 21.60 ലക്ഷം രൂപ പിഴ

കേരള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് നിരോധിത പെലാജിക് നെറ്റ് ഉപയോഗിച്ച് ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചും സ്പെഷൽ പെർമിറ്റ് ഇല്ലാതെയും മത്സ്യ ബന്ധനം നടത്തിയ കർണ്ണാടക സംസ്ഥാനത്തിലെ രണ്ട് ബോ​ട്ടുകൾക്ക് 21,60,450 രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്. കേരള തീരത്ത് അന്യ സംസ്ഥാന മത്സ്യബന്ധന യാനങ്ങൾക്ക് 12 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നടത്താൻ വേണ്ട സ്പെഷ്യൽ പെർമിറ്റ് ഇല്ലാതെയാണ് ഇവർ മത്സ്യബന്ധനം നടത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ച മൂന്ന് പെലാജിക് വലകളും 16 സെ​ന്റീ​മീ​റ്റ​റി​ൽ താഴെ വലിപ്പമുളള 5,000 കി​ലോ അരണ മത്സ്യങ്ങളും രണ്ട് ബോട്ടുകളിൽ നിന്നായി പിടിച്ചെടുത്തു. ചെ​റു​മ​ത്സ്യ​ങ്ങ​ളെ പിന്നീട് പു​റം​ക​ടലി​ൽ ഒ​ഴു​ക്കി ക​ള​ഞ്ഞു. മംഗലാപുരം സ്വദേശികളായ മുഹമ്മദ് ഇഫ്ത്തിക്ക, റിസാന മുഹമ്മദ് ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോ​ട്ടുകളാണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ബോട്ടുകൾക്ക് പതിനഞ്ച് ലക്ഷം രൂപ പി​ഴ ഈ​ടാ​ക്കുകയും ബോട്ടുകളിലെ ഉപയോഗയോഗ്യമായ മത്സ്യങ്ങൾ പരസ്യ ലേലം ചെയ്ത് കിട്ടിയ 6,60,450 രൂപ ട്രഷറിയിൽ അടക്കുകയും ചെയ്തു. ആകെ 21,60,450 രൂപയാണ് ഇരു ബോട്ടുകളിൽ നിന്നും പിഴയിനത്തിൽ ഈടാക്കിയത്. 1980ൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക പിഴയിനത്തിൽ ഫിഷറീസ് വകുപ്പ് ഇടാക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോഴ്സ്മെൻറ് കോസ്റ്റൽ പോലീസ് ഉ​ദ്യോ​ഗ​സ്ഥ​രെ വിവരമറിച്ചത്.

അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ൻ്റ് ഡ​യ​റ​ക്ട​ർ കെ.പി ഗ്രേസി, ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ സി.കെ മനോജ്, അസിസ്റ്റൻ്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സംന ഗോപൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ൻ്റ് ആ​ൻ​ഡ് വിജി​ല​ൻ​സ് വി​ങ് ഓ​ഫി​സ​ർ​മാ​രാ​യ ഇ.​ആ​ർ ഷി​നി​ൽ​കു​മാ​ർ, വി.​എം ഷൈ​ബു, വി.​എ​ൻ. പ്ര​ശാ​ന്ത്കു​മാ​ർ, മെ​ക്കാ​നി​ക്ക്മാരായ പി.എസ് കൃഷ്ണകുമാർ, ടി.യു മനോജ്, സീ ​റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ പ്രമോദ്, സുധീഷ്, ഷിഹാബ്, വർഗ്ഗീസ് ജീഫിൻ, ശ്രേയസ് എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കടലിൻ്റെ കണ്ണും കാതുമായി പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികൾ കടലിൽ നിയമ ലംഘനങ്ങളോ, അപരിചിത യാനങ്ങളോ അപരിചിതരെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ഫിഷറീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധനത്തിൽ ഏർപ്പെടുന്നവർക്കെതിരെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ല്ലാ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡി​ങ് സെൻ്റ​റു​ക​ളി​ലും സ്പെ​ഷ​ൽ ടാ​സ്ക് സ്ക്വാഡു​ക​ളു​ടെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ജില്ലാ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. സി സീമ അ​റി​യി​ച്ചു.