ചാവക്കാട് ജി.എച്ച്.എസ്.എസിന് അന്താരാഷ്ട്ര നിലവാരത്തിലൊരു ഇലവൻസ് ടർഫ് ഗ്രൗണ്ട്
ചാവക്കാട്: ഗുരുവായൂർ നഗരസഭയിലെ ചാവക്കാട് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ ജില്ല-സംസ്ഥാന ഇലവൻസ് ഫുട്ബോൾ മത്സരങ്ങൾ നടത്താൻ സൗകര്യമുള്ള ആധുനികവും മനോഹരവുമായ ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് ഗ്രൗണ്ട് പ്രശസ്ത ഫുട്ബോൾ താരവും പത്മശ്രീ ജേതാവുമായ ഐ.എം വിജയൻ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരം ജോപോൾ അഞ്ചേരി മുഖ്യാതിഥിയായി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപയും ഗുരുവായൂർ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയും ചെലവഴിച്ചാണ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത്. ഇലവൻസ് ഫുട്ബോൾ കളിക്കാൻ കഴിയുന്ന ലോക ഫുട്ബോൾ അസോസിയേഷൻ്റെ (ഫിഫ) സ്റ്റാൻഡേർഡ് വിസ്‌തീർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ഗ്രൗണ്ടിന് ഫിഫയുടെ ക്വാളിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞു. ജി.എച്ച്.എസ്.എസിലെ കുട്ടികൾക്കും ഗുരുവായൂരിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികൾക്ക് കായിക പരിശീലനത്തിനുള്ള മികച്ച വേദിയായി മാറുകയാണ് ഈ ഗ്രൗണ്ട്.

മുനിസിപ്പൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ടി.ജെ ജിജോ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.എം ഷഫീർ, ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, എ.എസ് മനോജ്, എ. സായിനാഥൻ, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ടി ശിവദാസൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സി. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ അനീഷ്മ ഷനോജ് സ്വാഗതവും നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ നന്ദിയും പറഞ്ഞു.



