ആശാഭവൻ–പ്രത്യാശാഭവൻ താമസക്കാർക്ക് തൊഴിൽ പരിശീലനം
തൃശ്ശൂർ: സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന ആശാഭവൻ, പ്രത്യാശാഭവൻ എന്നീ സ്ഥാപനങ്ങളിലെ താമസക്കാർക്ക് തൊഴിൽപരമായ സഹായവും പരിശീലനവും നൽകുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. അനുയോജ്യമായ തൊഴിൽ പരിശീലനവും സാങ്കേതിക സഹായവും സൈക്കോ-സോഷ്യൽ കെയർ സപ്പോർട്ടും നൽകി താമസക്കാരുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലകളിൽ സോഷ്യൽ വർക്ക് കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. മീഡിയ ആൻ്റ് സൈക്യാട്രിക് സോഷ്യൽ വർക്ക് സ്പെഷ്യലൈസേഷനോടുകൂടിയ റെഗുലർ എം.എസ്.ഡബ്ല്യു, ബി.എസ്.ഡബ്ല്യു കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പദ്ധതിയിൽ പങ്കുചേരാൻ അപേക്ഷിക്കാം. താൽപര്യമുള്ള സ്ഥാപനങ്ങൾ ഒക്ടോബർ 21-ന് വൈകുന്നേരം അഞ്ചിന് മുൻപായി ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷകൾ ലഭ്യമാക്കണം. ഫോൺ- 0487 2321702.



