THRISSUR

ഉറുമ്പൻകുന്ന് അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം

ആളൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് ഉറുമ്പൻകുന്നിൽ നിർമ്മിച്ച 127-ാം നമ്പർ അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ജോജോ അധ്യക്ഷനായി. സമഗ്ര വികസനമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കാൻ അങ്കണവാടികൾ നിർണായക പങ്ക് വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഉറുമ്പൻകുന്നിലെ പുതിയ അങ്കണവാടി കെട്ടിടം കുട്ടികൾക്ക് സുരക്ഷിതവും സുഖപ്രദവുമായ പഠനപരിസരം ഒരുക്കും. അങ്കണവാടികൾ സമൂഹത്തിലെ അടിസ്ഥാന വിദ്യാഭ്യാസത്തിൻ്റെ വാതിൽപ്പടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചിലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിർമിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. ചുങ്കൻ വാറു, മേരി വാറു എന്നിവരുടെ ഓർമ്മ ക്കായി മകൻ സി.വി ജോസ് മാസ്റ്റർ സൗജന്യമായി നൽകിയ 4 സെൻ്റ് ഭൂമിയിയിലാണ് നിർമ്മാണം പൂർത്തീകരിച്ച അങ്കണവാടി. വൈസ് പ്രസിഡൻ്റ് രതി സുരേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപിൻ പാപ്പച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. വിനയൻ, സെക്രട്ടറി കെ എൻ സുനിൽ,വാർഡ് അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.