ആട്ടോർ വനിതാ കാൻ്റീൻ ഉദ്ഘാടനം ചെയ്തു
കോലഴി: കോലഴി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ, വടക്കാഞ്ചേരി എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ആട്ടോർ വനിതാ കാൻ്റീൻ കം കൾച്ചറൽ സെൻ്റർ ഒന്നാം ഘട്ടവും ബസ് കാത്തിരിപ്പുകേന്ദ്രവും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബസ് ഷെൽറ്റർ, ഭിന്നശേഷി സൗഹൃദമായ ടോയ്ലറ്റ് ഉൾപ്പെടെ രണ്ട് ടോയ്ലറ്റുകൾ, കിച്ചൺ, ഡൈനിംഗ് റൂം, വാഷ് റൂം, സ്റ്റെയർ റൂം എന്നിവ ഉൾപ്പെടെ ആകെ 764 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടമായി മുകളിലെ നിലയിൽ കൾച്ചറൽ സെൻ്റർ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എം.എൽ.എ. അറിയിച്ചു.

കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം.ഡി. വികാസ് രാജ് സ്വാഗതം പറഞ്ഞു. പുഴയ്ക്കൽ ബ്ലോക്ക് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.ജി. ചാന്ദിനി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, കോലഴി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത വിജയഭാരത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഐ.എസ്. പീതാംബരൻ, പ്രകാശ് ഡി. ചിറ്റിലപ്പിള്ളി, നിഷാ സജീവൻ തുടങ്ങിയവർ സംസാരിച്ചു.



