THRISSUR

‘തൃശൂർ സൈക്ലേഴ്സ്’ പുത്തൂർ സുവോളജിക്കൽ പാർക്കിൽ സൈക്കിൾ റൈഡ് നടത്തി

തൃശൂർ: പ്രകൃതിയെ അത്രമേൽ സ്നേഹിക്കുന്ന തൃശൂർ സൈക്ലേഴ്സ് സംഘം പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടന സന്ദേശവുമായി സൈക്കിൾ സവാരി നടത്തി. തെക്കേ ഗോപുര നടയിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി, പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന സുവോളജിക്കൽ പാർക്കിൻ്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

മുൻപ് വനം വകുപ്പുമായി ചേർന്ന് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉൾപ്പെടെയുള്ള സൈക്ലേഴ്സ് അംഗങ്ങൾ ലഹരിക്കെതിരെ സന്ദേശം പ്രചരിപ്പിച്ച് പുന്നയൂർക്കുളം മുതൽ കൊടുങ്ങല്ലൂർ വരെ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരുന്നു. കൂടാതെ, പ്രകൃതി സംരക്ഷണ സന്ദേശവുമായി പീച്ചി വനം, വന്യജീവി സംരക്ഷണ സേനാ ആസ്ഥാനം മുതൽ നെല്ലിയാമ്പതി വരെയും, ചൂലന്നൂർ പീക് കോക്ക് സങ്കേതത്തിലേക്കും സംഘം സൈക്കിൾ സവാരി നടത്തിയിട്ടുണ്ട്. ഈ സമാന ചിന്താഗതിയിലാണ് ഒക്ടോബർ 28-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് സൈക്കിൾ റൈഡ് നടത്തിയതും.

തൃശൂരിൽ നിന്നെത്തിയ എഴുപതോളം വരുന്ന സൈക്കിൾ റൈഡേഴ്‌സിനെ പാർക്കിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. വി. സജു, സുവോളജിക്കൽ പാർക്ക് സ്പെഷൽ ഓഫീസർ കെ. ജെ. വർഗീസ്, ഡയറക്ടർ ബി. എൻ. നാഗരാജ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

പാർക്കിൽ ഒരുക്കിയ പ്രഭാത ഭക്ഷണത്തിനുശേഷം സൈക്കിൾ സംഘം വിവിധ ആവാസ ഇടങ്ങൾ സന്ദർശിച്ചു. സൈക്ലേഴ്സ് തൃശൂരിൻ്റെ സെക്രട്ടറി ഡാനി കെ. വറീത്, ട്രഷറർ സനോജ് രാജൻ, എം. എച്ച്. അഭിഷേക്, കെ. എസ്. സുമേഷ്, ദിലീപ് കെ. ലാസർ എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകിയത്.