THRISSUR

ഓളപ്പരപ്പിലെ ജലരാജാവായി വീയപുരം ചുണ്ടൻ

കൊടുങ്ങല്ലൂർ: ജനസഹസ്രങ്ങളുടെ ആരവങ്ങളാൽ ആവേശം ഓളംതല്ലിയ കോട്ടപ്പുറം കായലിൽ നടന്ന ജലമാമാങ്കത്തിൽ ജലരാജാവായി കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടൻ ഉയർന്നു. ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന അഞ്ചാമത് സീസൺ ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 വള്ളംകളിയിലാണ് വീയപുരം ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ മേൽപാടം എന്നീ ചുണ്ടൻ വള്ളങ്ങൾ നേടി. അഞ്ചാമത് സീസണിലെ നാലാമത്തെ മത്സരത്തിനാണ് കോട്ടപ്പുറം കായൽ വേദിയായത്. വള്ളംകളിയുടെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ. നിർവഹിച്ചു. “ലോകചരിത്രത്തിൻ്റെ പൈതൃകം പേറുന്നുവെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന മണ്ണാണ് കൊടുങ്ങല്ലൂർ മുസിരിസ് പ്രദേശം,” എന്ന് എം.എൽ.എ. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, ബിസിനസുകാരൻ ബോബി ചെമ്മണ്ണൂർ എന്നിവർ മുഖ്യാതിഥികളായി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു. വിജയികൾക്ക് സമ്മാനദാനം വി.ആർ. സുനിൽകുമാർ എം.എൽ.എയും വി.എസ്. പ്രിൻസും ചേർന്ന് നിർവഹിച്ചു.

നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫിക്കായി മത്സരിച്ചത്. ഇതോടൊപ്പം, കൊടുങ്ങല്ലൂർ മുസിരിസ് ബോട്ട് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വി.കെ. രാജൻ മെമ്മോറിയൽ ട്രോഫി, കെ.ഡി. കുഞ്ഞപ്പൻ മെമ്മോറിയൽ ട്രോഫി എന്നിവയ്ക്കായി മധ്യകേരളത്തിലെ പ്രശസ്തമായ ഇരുട്ടുകുത്തിയും ഓടിവള്ളങ്ങളെയും ഉൾപ്പെടുത്തി നടന്ന മുസിരിസ് ജലോത്സവം ആവേശത്തിൻ്റെ മാമാങ്കമായി. മുസിരിസ് ജലോത്സവത്തിൽ എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി 18 വള്ളങ്ങൾ പങ്കെടുത്തു. ചാമ്പ്യൻസ് ബോട്ട് ലീഗിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗാനമേളകളും തനത് കലാരൂപങ്ങളുമടക്കം സാംസ്കാരിക വിരുന്നും അരങ്ങേറി.

എ ഗ്രേഡ് വിഭാഗത്തിൽ ടി.ബി.സി. താന്തോന്നിത്തുരുത്തിൻ്റെ ഗരുഡൻ ഒന്നാം സ്ഥാനവും, കെ.ബി.സി. കുറുമ്പത്തുരുത്തിൻ്റെ താനിയൻ ദി ഗ്രേറ്റ് രണ്ടാം സ്ഥാനവും, വി.ബി.സി. നീണ്ടൂരിൻ്റെ ഗോതുരുത്ത്പുത്രൻ മൂന്നാം സ്ഥാനവും നേടി. ബി ഗ്രേഡ് വിഭാഗത്തിൽ കെ.ബി.സി. കൊറംകോട്ടയുടെ മടപ്ലാതുരുത്ത് ഒന്നാം സ്ഥാനവും, പുനർജനി വടക്കുംപുറത്തിൻ്റെ വടക്കുംപുറം രണ്ടാം സ്ഥാനവും, വൈ.കെ.പി. പാടൂരിൻ്റെ സെൻ്റ് സെബാസ്റ്റ്യൻ നം.2 മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വള്ളംകളിയിൽ 46 വർഷം പൂർത്തിയാക്കിയ സുബ്രഹ്മണ്യൻ മുട്ടിനകത്തെ മുസിരിസ് ബോട്ട് ക്ലബ് ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ വി.എസ്. ദിനൽ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ എ. അൻസാർ (സ്പെഷ്യൽ പ്രോജക്റ്റ്), ആർ.സി. പ്രേംഭാസ്, മുസിരിസ് ബോട്ട് ക്ലബ് പ്രസിഡൻ്റ് ഒ.സി. ജോസഫ്, സെക്രട്ടറി പി.പി. രഘുനാഥ് എന്നിവരോടൊപ്പം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.