അഞ്ചങ്ങാടി കുടുംബാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു
വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ അഞ്ചങ്ങാടി കുടുംബാരോഗ്യ ഉപകേന്ദ്രം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ്ബ് സെൻ്റര്‍ പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ജനങ്ങള്‍ തിങ്ങി പാർക്കുന്ന തീരദേശ മേഖലയായ പൊക്കാഞ്ചേരിയിൽ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് സമീപിക്കാവുന്ന പൂര്‍ണ സജ്ജമായ ഒരു കുടുംബാരോഗ്യ ഉപകേന്ദ്രം വേണമെന്നത് പ്രദേശവാസികളുടെ എക്കാലത്തേയും ആവശ്യമായിരുന്നു. സബ് സെൻ്ററിനായി രാധാകൃഷ്ണന് ചക്കാമഠത്തില്‍ ഭൂമി നൽകിയതോടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഉപകേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പ് മുറി, ഓഫീസ് റൂമുകൾ, ശുചിമുറികൾ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിൻ്റെ താമസ സ്ഥലം, ഗ്രാമസേവ കേന്ദ്രം മീറ്റിംഗ് ഹാൾ തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്. മാതൃ ശിശു സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്, കുടുംബാസൂത്രണം, ജീവിത ശൈലി രോഗ നിർണയം, ജെറിയാട്രിക് ക്ലിനിക്, കൗമാര ക്ലിനിക്, ദേശീയ ആരോഗ്യ പരിപാടികൾ തുടങ്ങിയ സേവനങ്ങൾ സബ് സെൻ്ററിൽ നിന്നും ലഭിക്കും.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പി.എം അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രന്യ ബിനീഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ സുലേഖ ജമാലു, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ സൂപ്രണ്ട് കെ.ടി സുജ, ടെക്നിക്കല്‍ അസിസ്റ്റൻ്റ് ഗോപകുമാര്‍, ജനപ്രതിനിധികൾ, സാമൂഹ്യപ്രവര്‍ത്തകർ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത ഗണേശന് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഐ.പി പീതാംബരന് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ താളം വനിതാ കലാസംഘത്തിൻ്റെ ശിങ്കാരിമേള പ്രകടനവും നടന്നു.



