ആർദ്രം പദ്ധതി കേരളത്തിലെ ആരോഗ്യ സംസ്കാരത്തെ ഉയർത്തി: മന്ത്രി കെ. രാജൻ
ആനാപ്പുഴ: കൊടുങ്ങല്ലൂർ നഗരസഭയിലെ ആനാപ്പുഴ ജനകീയാരോഗ്യ കേന്ദ്രം റവന്യൂ, ഭവന നിര്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതി ആരോഗ്യ സംരക്ഷണത്തിൽ ഒരു പുതുമാതൃക സൃഷ്ടിച്ചുവെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ സൗകര്യങ്ങളിലും സേവനങ്ങളിലും മികച്ച പുരോഗതിയാണ് നടന്നിരിക്കുന്നത്. പേരിൽ മാത്രം മാറ്റമല്ല, ജനങ്ങൾക്ക് നേരിട്ട് അനുഭവിക്കാവുന്ന ഗുണപരമായ സേവനമാണ് ഇപ്പോൾ ലഭ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. വി. ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. വി. ആർ. സുനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 36.50 ലക്ഷം രൂപയും കൊടുങ്ങല്ലൂർ നഗരസഭയിൽ നിന്ന് 15.80 ലക്ഷം രൂപയും ചെലവിലാണ് ആനാപ്പുഴ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് മുറി, ഓഫീസ് റൂമുകൾ, ശുചിമുറികൾ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനായുള്ള താമസ സൗകര്യം, മീറ്റിംഗ് ഹാൾ എന്നിവയാണ് കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

മാതൃ-ശിശു സംരക്ഷണം, പ്രതിരോധ കുത്തിവെപ്പ്, കുടുംബാസൂത്രണം, ജീവിതശൈലീ രോഗ നിർണയം, ജെറിയാട്രിക് ക്ലിനിക്, കൗമാര ക്ലിനിക്, ദേശീയ ആരോഗ്യ പരിപാടികൾ, ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ആനാപ്പുഴ ജനകീയാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും. ജനകീയരോഗ്യ കേന്ദ്ര പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ടി. കെ. ഗീത, വൈസ് ചെയർമാൻ വി. എസ്. ദിനൽ, നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ ലത ഉണ്ണികൃഷ്ണൻ, കെ. എസ്. കൈസാബ്, എൽസി പോൾ, ഒ. എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ, മേത്തല എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ കെ. ജെ. ജീന തുടങ്ങിയവർ പങ്കെടുത്തു.



