THRISSUR

വള്ളത്തോൾ നഗർ ഹാപ്പിനസ് പാർക്ക് നാടിന് സമർപ്പിച്ചു

വള്ളത്തോൾ നഗർ: ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റ ടീമായി നാടിൻ്റെ വികസനത്തിന് വേണ്ടി ഭരണസമിതികൾ പ്രവർത്തിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സർക്കാർ ഫണ്ടുകളുടെ അപ്പുറം പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും നിയമസഭാ സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച ഹാപ്പിനസ് പാർക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാലിന്യമുക്തമായി ഇരിക്കേണ്ടത് ആവശ്യമാണെന്നും മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും വികസന പദ്ധതികൾ കൃത്യമായി പൂർത്തിയാക്കാൻ കഴിയുന്ന സർക്കാരാണ് ഉള്ളതെന്നും സ്പീക്കർ പറഞ്ഞു. മികച്ച രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്ന വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിനെ സ്പീക്കർ അഭിനന്ദിച്ചു.

ഭാരതപ്പുഴയുടെ തീരത്ത് പുതുതായി 12 സെൻ്റ് ഭാഗത്താണ് വള്ളത്തോൾ നഗർ പഞ്ചായത്ത് പദ്ധതിയിൽ ഹാപ്പിനസ് പാർക്ക് നിർമ്മിച്ചത്. പാർക്കിൽ ഓപ്പൺ സ്റ്റേജ്, ഷോ വാൾ, ശില്പങ്ങൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപ ചെലവിലാണ് ഹാപ്പിനസ് പാർക്ക് നിർമ്മാണം പൂർത്തിയാക്കിയത്. യു ആർ പ്രദീപ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ കെ രാധാകൃഷ്ണൻ എം പി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷെയ്ഖ് അബ്ദുൽ ഖാദർ,
ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, വൈസ് പ്രസിഡണ്ട് പി നിർമ്മല ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി എം നൗഫൽ, എം വി സുചിത്ര, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ ആർ ഗിരീഷ്, പി എ യൂസഫ്, എം ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ സി പി ഇന്ദിര, കെ എം രാധിക, വി വത്സല, പി എം സുലൈമാൻ, എം സുമേഷ്, എം എൻ വിനീഷ്, ശ്രുതി സന്ദീപ്, താജുന്നിസ, ബി എം റഷീദ്, അജിത രവികുമാർ, പഞ്ചായത്ത് സെക്രട്ടറി എം എസ് രോഹിണി എന്നിവർ പങ്കെടുത്തു.