എടമുട്ടം പള്ളിയിലെ ജപമാല സമാപനം ഭക്തിസാന്ദ്രമായി
എടമുട്ടം: എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിൽ ജപമാല മാസത്തിൻ്റെ സമാപന ശുശ്രൂഷ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയായിരുന്നു ചടങ്ങുകൾ. വൈകിട്ട് 5.30ന് ആരംഭിച്ച ദിവ്യബലി ഫാ. സ്റ്റിക്സൺ കണ്ണമ്പുള്ളിയും ഇടവക വികാരി ഫാ. ജിബിൻ നായത്തോടനും ചേർന്ന് അർപ്പിച്ചു. തുടർന്ന് മനോഹരമായി അലങ്കരിച്ച പരിശുദ്ധ അമ്മയുടെ പ്രതിമയെ വഹിച്ചുകൊണ്ടുള്ള ജപമാല പ്രദക്ഷിണം മാലാഖമാരോടൊത്ത് പുളിഞ്ചോട് ജംഗ്ഷൻ വരെ നടന്നു. പ്രദക്ഷിണത്തിനു പിന്നാലെ ദേവാലയത്തിൽ ഒരുക്കിയ ടാബ്ലോയും ഭക്തിസാന്ദ്രമായ ദൃശ്യവിസ്മയം സൃഷ്ടിച്ചു.

ഇൻ്റസീവ് ഫെയ്ത്ത് ലാബിൻ്റെ ആഭിമുഖ്യത്തിൽ മതബോധന വിദ്യാർത്ഥികളും അധ്യാപകരും ഫാ. ജിബിൻ നായത്തോടൻ അച്ചൻ്റെ നേതൃത്വത്തിൽ ‘മരിയൻ എക്സിബിഷൻ’യും ജപമാല നിർമ്മാണ മത്സരവും നടത്തി. മാതാവിൻ്റെ 39 പ്രത്യക്ഷീകരണങ്ങളുടെ ചിത്രങ്ങളും അവയുടെ വിവരണങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ പ്രദർശനവും മൾട്ടിമീഡിയ അവതരണവും ശ്രദ്ധ നേടി.

സമാപന ശുശ്രൂഷയ്ക്കൊടുവിൽ വർണ്ണമഴയും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഇടവകയിലെ കൈക്കാരന്മാർ, കേന്ദ്രസമിതി ഭാരവാഹികൾ, മതബോധന അധ്യാപകർ എന്നിവർ സംയുക്തമായി പരിപാടികൾക്ക് നേതൃത്വം നൽകി.



