THRISSUR

അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നടത്തി വലപ്പാട് ഗ്രാമപഞ്ചായത്ത്

വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനവും ലൈഫ് കുടുംബങ്ങളുടെ സംഗമവും താക്കോൽ വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. അഹമ്മദ്, അതിദരിദ്രർക്കുള്ള വീടിൻ്റെ തറക്കല്ലിടൽ നടത്തുകയും വലപ്പാട് പഞ്ചായത്തിനെ അതിദാരിദ്ര്യ നിർമാർജന പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചവരുടെ കുടുംബ സംഗമവും നടത്തി. കെ.സി. വാസു ഹാളിൽ നടന്ന ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ മുഖ്യാതിഥിയായി. വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ആർ. ജിത്ത്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രില്ല സുധി, സുധീർ പട്ടാലി, ജ്യോതി രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ഇ.പി. അജയഘോഷ്, ബി.കെ. മണിലാൽ, കെ.കെ. പ്രഹർഷൻ, മണി ഉണ്ണികൃഷ്ണൻ, അനിത കാർത്തികേയൻ, രശ്മി ഷിജോ, അസിസ്റ്റൻ്റ് സെക്രട്ടറി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.