എസ്ഐആർ-സിഎഎ നീക്കം ജനാധിപത്യവിരുദ്ധം: മുസ്ലിം ലീഗ്
തളിക്കുളം: പൗരത്വ ഭേദഗതി ബിൽ (CAA) എസ്ഐആർ (SIR) പദ്ധതിയിലൂടെ ഒളിച്ചുകടത്താനുള്ള കേന്ദ്രസർക്കാരിൻ്റെയും ആർഎസ്എസിൻ്റെയും നീക്കം മതേതര സമൂഹം തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം കെ. ഹാറൂൺ റഷീദ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി തന്നെ നിരസിച്ച നിയമം പിന്വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കൽ നിൽക്കേ, ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിലംപൊത്തുന്ന ഇത്തരം “കരിനിയമങ്ങൾ” പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കം ജനങ്ങൾ തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞു.

എസ്ഐആർ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിൻ്റെയും “കാവി വിദ്യാഭ്യാസം” നടപ്പിലാക്കുന്ന പിണറായി വിജയൻ സർക്കാരിൻ്റെയും നയത്തിനെതിരെ മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹാറൂൺ റഷീദ്. പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് പെരുമ്പറ മുഴക്കിയ പിണറായി വിജയൻ ഇന്ന് എസ്ഐആർ വിഷയത്തിൽ മൗനം പാലിക്കുന്നതും അത്രമേൽ ദുരൂഹമാണെന്ന് അദ്ദേഹം വിമർശിച്ചു.
പ്രതിഷേധ യോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി. എം. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ. എസ്. റഹ്മത്തുള്ള, ട്രഷറർ വി. സി. അബ്ദുൽ ഗഫൂർ, സെക്രട്ടറി വി. കെ. നാസർ, ഷെഫീഖ് ഹുസൈൻ, പി. എം. സിറാജുദ്ദീൻ, എ. എച്ച്. നാസർ, എച്ച്. ഫൈസൽ, സിദ്ദീഖ് തളിക്കുളം, നിഷാ ഇഖ്ബാൽ, നാസിത റഷീദ് എന്നിവർ പ്രസംഗിച്ചു.



