വിമുക്തി സംവാദമത്സരം; അമാനയും മെറിനും വിജയികൾ
തൃശ്ശൂർ: ലഹരിവസ്തുക്കളിൽ നിന്നും ഭാവിതലമുറയെ സംരക്ഷിക്കുക, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല സംവാദ മത്സത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ പി.എഫ് അമാന, ഇ. മെറിൻ ഡെന്നി എന്നിവർ വിജയികളായി. തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ശ്രദ്ധ/നേർക്കൂട്ടം കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
“സംവദിക്കാം ലഹരിക്കെതിരെ” എന്ന പേരിൽ “ലഹരി മുക്ത നവകേരളം, സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 25 കോളേജുകളിൽ നിന്നുള്ള രണ്ടുപേർ ഉൾപ്പെട്ട ടീമുകൾ പങ്കെടുത്തു. രണ്ടാം സ്ഥാനം കൂർക്കഞ്ചേരി ജെ.പി.ഇ ട്രെയിനിങ് കോളേജിലെ വൃന്ദ നന്ദകുമാർ, കെ.എ കൃഷ്ണപ്രിയ എന്നിവർക്കും മൂന്നാം സ്ഥാനം തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ എം.വി ശ്രീഹരി, കെ.പി മാളവിക എന്നിവർക്കുമാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ് ലഭിച്ചത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. സുഭാഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. അസി. എക്സൈസ് കമ്മീഷണർ എ.ആർ നിഗീഷ് സംവാദമത്സരം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ സെൻ്റ് തോമസ് പ്രിൻസിപ്പാൾ ഡോ. ഫാദർ കെ.എ മാർട്ടിൻ അധ്യക്ഷനായി. പരിശീലകനായ ഡോ. ഡൈസൻ പാണേങ്ങാടൻ മോഡറേറ്ററായി. തൃശ്ശൂർ കേരളവർമ കോളേജ് റിട്ട. അധ്യാപകനായ പ്രൊഫ. എൻ.ആർ അനിൽകുമാർ, കില സീനിയർ ട്രെയിനിങ് കോ -ഓർഡിനേറ്റർ ആർ.ഐ റിസ്മിയ എന്നിവരാണ് വിധി നിർണ്ണയം നടത്തിയത്. തൃശ്ശൂർ വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ ഷഫീഖ് യൂസഫ്, സെൻ്റ് തോമസ് കോളേജ് നേർക്കൂട്ടം കോ-ഓർഡിനേറ്റർ ഇ.എഫ് ആൻ്റണി ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർ പി. രാമചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലഹരി ഉപയോഗവും സമൂഹ മാധ്യമങ്ങളും, ലഹരി ചികിത്സ, ലഹരി നിയമങ്ങൾ എന്നിവ സംവാദവിഷയങ്ങളായി.



