THRISSUR

ചൂലിശ്ശേരി 33 കെ വി സബ്സ്റ്റേഷൻ നിർമാണോദ്ഘാടനം നിർവഹിച്ചു

ചൂലിശ്ശേരി: കേരളത്തെ ഊർജ സ്വയം പര്യാപ്തതയും കാർബൺ ന്യൂട്രലുമായ ഒരു ഹരിത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് ഓരോ ചുവടും വയ്ക്കുന്നതെന്നും കെ എസ് ഇ ബി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കേരളത്തിൽ ലോഡ് ഷെഡിങ്ങും പവർകട്ടും ഇല്ലാത്ത ഒരു കാലഘത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജല വൈദ്യുത മേഖലയിലും സൗരോർജ മേഖലയിലും നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ച് മന്ത്രി സംസാരിച്ചു. രാത്രി കാലത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി നടപ്പിലാക്കിയ ബാറ്ററി എനർജി സോഴ്സ് സ്റ്റോറേജ് സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ എല്ലാ ആദിവാസി ഗോത്ര മേഖലകളിലും വൈദ്യുതി എത്തിക്കുക എന്ന ദൗത്യം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം പി കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി.ചൂലിശ്ശേരിയിലെ പോൾ കാസ്റ്റിംഗ് യാർഡിനോട് ചേർന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള 120 സെൻ്റ് സ്ഥലത്താണ് 4.53 കോടി രൂപ ചെലവിൽ സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. ചൂലിശ്ശേരി,മുണ്ടൂർ, അവണൂർ,മെഡിക്കൽ കോളേജ്,കുറ്റൂർ, കൊട്ടേക്കാട്, കുന്നത്തുപീടിക പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇതുവഴി സാധിക്കും. വിയ്യൂർ, മുണ്ടൂർ, കൊട്ടേക്കാട്, മെഡിക്കൽ കോളേജ് പ്രദേശങ്ങളിലേക്ക് നിലവിൽ വൈദ്യതി എത്തിക്കുന്നത് 110 കെ വി വിയ്യൂർ സബ്സ്റ്റേഷനിലെ കൊട്ടേക്കാട് ഫീഡറിൽ നിന്നാണ്. ഈ ഫീഡറിൽ നേരിട്ടിരുന്ന ഓവർലോഡും വോൾട്ടേജ് ക്ഷാമവും വേനൽകാലത്ത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ലൈനിൽ അറ്റകുറ്റപണികൾ നടത്തുമ്പോഴും മറ്റും ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടാറുമുണ്ട്. ദീർഘകാലമായുള്ള ഈ പ്രശ്നം ഉന്നയിച്ച് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നടത്തിയ ഇടപെടലുകളിലൂടെയാണ് 33 കെ വി സബ് സ്റ്റേഷൻ അനുവദിച്ചത്. ഈ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത് വഴി ചൂലിശ്ശേരി പ്രദേശത്തെ മുഴുവൻ ഉപഭോക്താക്കൾക്കും, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലെയും അവണൂർ, കോലഴി,കൈപ്പറമ്പ് പഞ്ചായത്തുകളിലെ അൻപതിനായിരത്തോളം വരുന്ന വാണിജ്യ, ഗാർഹിക, വ്യവസായിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി ലഭിക്കും. 33 കെ വി പറപ്പൂർ ലൈനിൽ നിന്നും ഏകദേശം 2.2 കിലോമീറ്റർ 33 കെ വി ലൈൻ നിർമ്മിച്ചാണ് ചൂലിശ്ശേരി സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുക.ഭാവി ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിന് പര്യാപ്തമായ രീതിയിലാണ് 33 കെവി സബ്സ്റ്റേഷൻ ആധുനിക രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നത്.

ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡിന് സമീപം നടന്ന ചടങ്ങിൽ അവണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി, അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി ഹരിദാസ്, കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. ഡി വികാസ് രാജ്, ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി,കെഎസ്ഇബി ലിമിറ്റഡ് ട്രാൻസ്മിഷൻ ആൻ്റ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ എസ് ശിവദാസ്, കെഎസ്ഇബി ചീഫ് എൻജിനീയർ കെ ശാന്തി,ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ എസ് കൃഷ്ണകുമാർ, അവണൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ തോംസൺ തലക്കോടൻ,എൻ കെ രാധാകൃഷ്ണൻ,പുഴക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലക്ഷ്മി സനീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ നിമ രാജീവ്, പി. എസ് കൃഷ്ണകുമാരി,സി. ബി സജീവൻ, ജിഷ സുഭീഷ്, വിവിധ സംഘടന പ്രതിനിധികളായ ടി. എൻ ഹരിദാസ്, കെ. കെ പ്രഭാകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കൃഷ്ണകുമാർ, വി. കെ സനിൽ സി. ടി ജോഫി, എ. കെ അരുൺകുമാർ എന്നിവർ സംസാരിച്ചു.