THRISSUR

ഏഷ്യ പസഫിക് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ദേവികയ്ക്ക് ജന്മനാടിൻ്റെ ആദരം

മരത്താക്കര: നാടിനഭിമാനമായി പുത്തൂർ ഗ്രാമപഞ്ചായത്തിലെ മരത്താക്കര സ്വദേശിനി ദേവികാ ദിനേശ്. കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കി സെപ്തംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ ബാങ്കോക്കിൽ നടന്ന ഏഷ്യ പസഫിക് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സംഘത്തിൽ അംഗമായിരുന്നു ദേവിക. വിശാഖപട്ടണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നെറ്റ് വർക്ക് ഓൺ എത്തിക്സ് ആൻ്റ് ക്ലൈമറ്റ് ചേഞ്ച് (ഐനക്) എന്ന സർക്കാരിതര സംഘടനയെ പ്രതിനിധീകരിച്ചാണ് ദേവിക ഉൾപ്പെട്ട അഞ്ചംഗ ഇന്ത്യൻ സംഘം ഉച്ചകോടിയിൽ പങ്കെടുത്തത്. രാജ്യത്ത് കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പ്രതിവിധികൾ ജനങ്ങളിലെത്തുന്നില്ലെന്നത് അടക്കം ശ്രദ്ധേയമായ നിരീക്ഷണങ്ങൾ സംഘം സമ്മേളനത്തിൽ പങ്കുവെച്ചു. സംഘത്തിലെ ഏക മലയാളിയായിരുന്ന ദേവികയെ മരത്താക്കരയിൽ നടന്ന ചടങ്ങിൽ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ആദരിച്ചു. കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്ററായ അച്ഛൻ പൊന്നേൻപാലൻ വീട്ടിൽ ദിനേശ് കുമാറും അമ്മ ബിനി ദിനേശും എല്ലാ പിന്തുണയുമായി ദേവികയ്ക്കൊപ്പമുണ്ട്. ഇപ്പോഴത്തെ അർത്ഥവത്തായ പ്രവർത്തനങ്ങൾ തുടരാനുള്ള പ്രചോദനമാണ് ഇത്തരം അംഗീകാരങ്ങളെന്നും അതിൽ അഭിമാനമുണ്ടെന്നും ജന്മനാട്ടിൽ ആദരിക്കപ്പെട്ടതിൽ വളരെയധികം നന്ദിയുണ്ടെന്നും ദേവിക പറഞ്ഞു.