നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിച്ചു
ഒല്ലൂക്കര: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന് നിര്‍വഹിച്ചു. പത്ത് വര്‍ഷം മുന്‍പുള്ള മുഖമല്ല ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഇപ്പോഴുള്ളതെന്ന് മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഡിസ്പെന്‍സറി ഒഴികെ ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആദ്യ ഘട്ടത്തില്‍ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയ നിയോജകമണ്ഡലമാണ് ഒല്ലൂര്‍ നിയോജകമണ്ഡലമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആര് രവി അധ്യക്ഷത വഹിച്ചു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം നവീകരണ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായാണ് ഹാള്‍ പണി കഴിപ്പിച്ചത്. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രന്, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ പി. സജീവ്കുമാര്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് എച്ച്. ദാസ് എന്നിവര്‍ മുഖ്യാതിഥികളായി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ആര് സുരേഷ് ബാബു സ്വാഗതവും വെള്ളാനിക്കര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ആര്. രാജീവ് നന്ദിയും പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫ്രാന്‍സിന ഷാജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിനി പ്രദീപ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഐശ്വര്യ ലിൻ്റോ, ഗ്രാമപഞ്ചായത്തംഗം ആരിഫ റാഫി തുടങ്ങിയവര്‍ സംസാരിച്ചു.



