തദ്ദേശ തിരഞ്ഞെടുപ്പ്; ഹരിതചട്ടം കർശ്ശനമായി പാലിക്കണം
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും ഹരിത ചട്ടം പാലിക്കാൻ നിർദ്ദേശം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് കാലയളവിൽ ഊർജ്ജിതമായ പരിശോധനകളും നടപടികളും ഉണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും എല്ലാ പ്രചാരണ പരിപാടികളിലും ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇത് ബാധകമാണെന്നും യോഗം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുവാന്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൂര്‍ണ്ണമായും പേപ്പര്‍, പി.സി.ബി സര്‍ട്ടിഫൈ ചെയ്ത നൂറ് ശതമാനം കോട്ടണ്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവ മാത്രമേ പ്രചാരണ പരിപാടികളില്‍ ഉപയോഗിക്കാവു. പോളി എത്തിലീന്‍ ഷീറ്റുകളില്‍ പി.സി.ബി അംഗീകൃത ക്യൂ ആര്‍ കോഡ്, പി വി സി ഫ്രീ റീസൈക്ളബിള്‍ ലോഗോ, പ്രിൻ്ററുടെ വിശദാംശങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും യോഗത്തില്‍ ജോയിൻ്റ് ഡയറക്ടർ വ്യക്തമാക്കി.
യോഗത്തില്‍ എല്‍.എസ്.ജി.ഡി ജോയിൻ്റ് ഡയറക്ടർ സാജു ഡേവിഡ്, എല്‍.എസ്.ജി.ഡി അസി. ഡയറക്ടർ സി.കെ ദുർഗാദാസ്, ശുചിത്വ മിഷൻ അസി കോർഡിനേറ്റർ എൻ.സി സംഗീത്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ, സൈന്‍ പ്രിന്‍റിംഗ് ഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു.



