ജില്ല തിരഞ്ഞെടുപ്പിന് സജ്ജം
തൃശ്ശൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. ജില്ലയിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. വിജ്ഞാപന തീയതിയായ ഇന്ന് മുതൽ നവംബർ 21 വരെ (പൊതു അവധി ദിവസം ഒഴികെ) രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയുള്ള സമയത്ത് വരണാധികാരിക്കോ ഉപവരണാധികാരിക്കോ മുൻപിലാണ് പത്രിക സമർപ്പിക്കേണ്ടത്. ലഭിച്ച നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്. ഡിസംബർ 11 നാണ് വോട്ടെടുപ്പ്, വോട്ടെണ്ണൽ ഡിസംബർ 13 നും നടക്കും.
മുന്നൊരുക്ക യോഗങ്ങളും ഉദ്യോഗസ്ഥ നിയമനങ്ങളും
സുഗമമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ്റെ അധ്യക്ഷതയിൽ വരണാധികാരികളുടേയും ഉപവരണാധികാരികളുടേയും യോഗം, മാതൃകാ പെരുമാറ്റച്ചട്ട കമ്മിറ്റി യോഗം, നോഡൽ ഓഫീസർമാരുടെ യോഗം, മീഡിയ സർട്ടിഫിക്കേഷൻ ആൻ്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യോഗം എന്നിവ നടത്തി. തിരഞ്ഞെടുപ്പ് സമയക്രമവും മുന്നൊരുക്കവും വിശദീകരിക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗവും സംഘടിപ്പിച്ചിരുന്നു.
111 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കായി ആകെ 118 വരണാധികാരികളെയും 121 ഉപവരണാധികാരികളെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് പരിശീലനവും സംശയനിവാരണ യോഗങ്ങളും സംഘടിപ്പിച്ചു. ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയമിക്കും. ഉദ്യോഗസ്ഥരുടെ വിവരശേഖരണം പൂർത്തിയായി. നവംബർ 17 ന് ഒന്നാം റാൻഡമൈസേഷൻ നടത്തും. നവംബർ 18 മുതൽ നിയമന ഉത്തരവ് നൽകിത്തുടങ്ങും. നവംബർ 25 മുതൽ 28 വരെ തീയതികളിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്ക് പരിശീലനം നൽകും. ഡിസംബർ നാലിനാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ അന്തിമ റാൻഡമൈസേഷൻ. 20 പോളിംഗ് സ്റ്റേഷനുകൾക്ക് ഒന്ന് എന്ന നിലയിൽ സെക്ടർ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
ജില്ലയിലെ വോട്ടർമാരും ഇ.വി.എം സജ്ജീകരണങ്ങളും
ജില്ലയിൽ ആകെ 111 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. 86 ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്ക് പഞ്ചായത്തുകൾ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, ഏഴ് നഗരസഭകൾ, തൃശ്ശൂർ കോർപ്പറേഷൻ എന്നിവയിലായി ആകെ 1943 നിയോജകമണ്ഡലങ്ങൾ/വാർഡുകളും 3282 പോളിംഗ് സ്റ്റേഷനുകളും ഉണ്ട്. ആകെ വോട്ടർമാരുടെ എണ്ണം 27,36,896. ഇതിൽ 12,77,155 പുരുഷ വോട്ടർമാരും 14,59,714 സ്ത്രീ വോട്ടർമാരും 27 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. നവംബർ 14 ന് അന്തിമ സപ്ലിമെൻ്റ് വോട്ടർപട്ടിക ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കും.
പോളിംഗിനായി ഇ.വി.എം മെഷീനുകളാണ് ഉപയോഗിക്കുക. ജില്ലയിലെ ആകെ ഉപയോഗത്തിനായി 4,572 ബാലറ്റ് യൂണിറ്റുകളും 13,158 കൺട്രോൾ യൂണിറ്റുകളും പരിശോധന പൂർത്തിയാക്കി തൃശ്ശൂർ, ഇരിങ്ങാലക്കുട ഇ.വി.എം വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. പോളിംഗ് ഉദ്യോഗസ്ഥർ, ഇലക്ഷൻ ചുമതലയിലുള്ള മറ്റ് ഉദ്യോഗസ്ഥർ, പോലീസുകാർ എന്നിവർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടാകും. 16 ബ്ലോക്കുകളിലും നഗരസഭകളിലും കോർപ്പറേഷനിലും വിതരണ സ്വീകരണ കേന്ദ്രങ്ങളും സ്ട്രോങ് റൂമും വോട്ടെണ്ണൽ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.
നാമനിർദ്ദേശപത്രിക
സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികക്കൊപ്പം സ്ഥാനാർത്ഥികൾ സ്വത്ത് വിവരം, ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരം നൽകണം. സത്യപ്രതിജ്ഞ / ദൃഡപ്രതിജ്ഞയും എടുക്കണം. നിക്ഷേപതുക കെട്ടി വച്ച് രശീതിയും നൽകണം. ഗ്രാമപഞ്ചായത്തിൽ 2000/- രൂപയും, ബ്ലോക്ക് പഞ്ചായത്ത് / നഗരസഭ എന്നിവയിൽ 4000/- രൂപയും ജില്ലാ പഞ്ചായത്ത് / കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5000/- രൂപയുമാണ് നിക്ഷേപതുക. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം തുക അടച്ചാൽ മതിയാകും.
മാതൃകാപെരുമാറ്റച്ചട്ടം
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. ഇത് തിരഞ്ഞെടുപ്പ് നടപടി പൂർത്തിയാകുന്നതുവരെ തുടരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനത്തിലും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളോ ഒരു വ്യക്തിയുടെ അനുവാദം കൂടാതെ അയാളുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല. സർക്കാർ ഓഫീസുകളിലും പരിസരത്തും ചുവരെഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ടൗട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകാത്ത വിധത്തിൽ പരസ്യങ്ങൾ സ്ഥാപിക്കുന്നതിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകും. പരസ്യങ്ങൾക്കായുള്ള ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തും. പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ നീക്കം ചെയ്യുന്നതിനുള്ള നിർദ്ദേശം പാലിക്കാത്തപക്ഷം ആൻ്റി ഡിഫേയ്‌സ്‌മെൻ്റ് സ്ക്വാഡ് നീക്കം ചെയ്യുകയും ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും. സുഗമമായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പൊതുജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സഹകരണം ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.



