സരസ്വതി വിദ്യാനികേതൻ സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു
ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ശിശുദിനം ആനന്ദപൂർവ്വം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് കിഡ്സ് ഫെസ്റ്റ് ‘ട്വിങ്കിൾ ടോട്ട്സ് 2025’ മംഗളമായി നടന്നു. ചെറുമിടുക്കന്മാർക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയായി മാറിയ ഈ ആഘോഷപരിപാടി നിറഞ്ഞ പങ്കാളിത്തത്തോടെയായിരുന്നു. നാട്ടിക എസ്.എൻ. കോളേജ് മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ആര്യ വിശ്വനാഥ് കിഡ്സ് ഫെസ്റ്റിൻ്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ പി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ദീനദയാൽ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം സുബ്രു പുല്ലൂട്ടിൽ മുഖ്യാതിഥിയായി. പരിപാടിയിൽ പ്രിൻസിപ്പാൾ ബിന്ദു സി സ്വാഗതമരുളി.

ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ. മോഹനൻ, അക്കാദമിക് ഡയറക്ടർ വിജയം ടി.ആർ, സ്കൂൾ ക്ഷേമസമിതി പ്രസിഡണ്ട് ശരണം എ.വി, മാതൃഭാരതി പ്രസിഡണ്ട് തെന്നൽ ലിമിൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പരിപാടിയുടെ അവസാനം പ്രീ-പ്രൈമറി അക്കാദമിക് കോർഡിനേറ്റർ രാജലക്ഷ്മി പി നന്ദി രേഖപ്പെടുത്തി. തുടർന്ന് എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലെ ചെറുക്കളും പെൺകുട്ടികളും അവതരിപ്പിച്ച മനോഹരമായ വിവിധ കലാപരിപാടികൾ ആഘോഷവേദിയെ നിറവേറ്റി.



