കുടുംബശ്രീ ബാലസഭ ഫോട്ടോഗ്രഫി മത്സരവും പ്രകൃതി പഠന ക്യാമ്പും
പുത്തൂർ: കുടുംബശ്രീ കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി രൂപീകരിച്ച കുട്ടികളുടെ അയൽക്കൂട്ടമായ ബാലസഭ പ്രകൃതി പഠന ക്യാമ്പും ഫോട്ടോ ഗ്രഫി മത്സരവും പ്രദർശനവും സംഘടിപ്പിക്കുന്നു.
നവംബർ 29, 30 തീയതികളിൽ കിലയിൽ നടക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശനവും ഉൾപ്പെടും. പ്രകൃതി പഠന ക്യാമ്പിന്റെ ഉദ്ഘാടനം നവംബർ 29 ന് രാവിലെ 10.30 ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത് അധ്യക്ഷത വഹിക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് സ്വാഗതവും സംസ്ഥാന പ്രോഗ്രാം മാനേജർ അരുൺ പി രാജൻ നന്ദിയും പറയും. സെയ്ദ് ഷിയാസ് മിർസ, രാജേന്ദ്രൻ പുല്ലൂർ എന്നിവരാണ് ക്ലാസുകൾ നയിക്കുക.
പൊതുജനങ്ങൾക്കായി നവംബർ 30 ഞായറാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ ജവഹർ ബാലഭവനിൽ ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കും. എല്ലാ ജില്ലകളിൽ നിന്നും കണ്ടെത്തിയ മികച്ച സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്.



